ആര്യങ്കാവ് വനമേഖലയിൽ അനധികൃതമായി പ്രവേശിച്ച് വഴിതെറ്റിയ യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് വനത്തിനുള്ളിൽ കുടുങ്ങിയത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ബൈക്കിൽ ട്രക്കിങ്ങിനായി ഇവർ ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടം ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വനമേഖലയിൽ നിന്ന് തിരികെ മടങ്ങുന്നതിനിടെ ഇവർക്ക് വഴി തെറ്റുകയും ഉൾവനത്തിൽ അകപ്പെടുകയുമായിരുന്നു.
തുടർന്ന് ഇവർ മൊബൈൽ ഫോൺ വഴി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർ മൊബൈൽ ടവർ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്.
രാത്രി ഒമ്പത് മണിയോടെ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. റിസർവ് വനമേഖലയിൽ പ്രവേശിക്കരുതെന്നും ഇത് ശിക്ഷാർഹമാണെന്നും വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചാണ് ഇവർ യാത്ര ചെയ്തത്.
ഈ മുന്നറിയിപ്പ് ബോർഡുകൾക്ക് മുന്നിലൂടെയാണ് ഇവർ കടന്നുപോയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. റിസർവ് വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന് ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

