
വിറങ്ങലിച്ച അന്തരീക്ഷം, കണ്ണീരുണങ്ങാതെ മനുഷ്യർ; ബി.ജെ. മെഡിക്കൽ കോളജിൽ നെഞ്ചു പൊട്ടുന്ന കാഴ്ച
അഹമ്മദാബാദ്∙ ബി.ജെ മെഡിക്കൽ കോളജിലേക്ക് എത്തുന്ന പലരുടെയും മുന്നിൽ സർക്കാർ ആശുപത്രിയിലെ പതിവു കാഴ്ചകളാണ്.
ആശുപത്രി രേഖകളുമായി തിരക്കിട്ട് നടക്കുന്നവരെയും ജീവനക്കാരെയും പിന്നിട്ട് കോളജ് ഓഡിറ്റോറിയത്തിലെത്തുമ്പോൾ അന്തരീക്ഷം പൂർണമായി മാറും. വിറങ്ങലിച്ച അന്തരീക്ഷം, കരഞ്ഞു തളർന്ന മനുഷ്യർ.
എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡിഎൻഎ പരിശോധനയ്ക്ക് കസേരകളിലിരിക്കുന്നു.
അവർക്കിത് പതിവ് ആശുപത്രി കാഴ്ചകളല്ല.
ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടിട്ട് മണിക്കൂറുകൾ ആകുന്നതേയുള്ളൂ. ദുരന്തത്തിൽ മരിച്ച ഏകദേശം 265 പേരുടെ ബന്ധുക്കളാണ് ഡിഎൻഎ പരിശോധനയ്ക്കായി ആശുപത്രി ഓഡിറ്റോറിയത്തിൽ എത്തിയിരിക്കുന്നത്.
ചിലർ രക്ത സാംപിളുകൾ കൈമാറി. ചിലർ കൈമാറാനായി ദുഖത്തോടെ കാത്തിരിക്കുന്നു.
ഓരോരുത്തരുടെയും രക്ത സാംപിളുകൾ മൃതദേഹ അവശിഷ്ടങ്ങളുമായി താരതമ്യം ചെയ്താണ് ബന്ധുത്വം തെളിയിക്കുന്നത്. പക്ഷേ, മൃതദേഹമെന്നു പറയാൻ ഒന്നും ശേഷിക്കുന്നില്ല.
അവയവഭാഗങ്ങളോ മാംസകഷ്ണങ്ങളോ ആണ് അപകട സ്ഥലത്തുനിന്ന് ലഭിച്ചത്.
പലരും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആശുപത്രി വളപ്പിൽ ഇരിക്കുന്നു.
അക്കൂട്ടത്തിൽ വയോധികയായ സുവർണ സോണിയുമുണ്ട്. പ്രായം 80.
രക്ത സാംപിൾ നൽകാനെത്തിയതാണ്. അപകടത്തിൽ മകൻ സ്വപ്നിൽ സോണി (45), മകന്റെ ഭാര്യ യോഗ സോണി (44), മൂത്ത മകന്റെ ഭാര്യ അൽപ സോണി (55) എന്നിവർ മരിച്ചു.
അൽപയുടെ ഭർത്താവിനെ സ്വീകരിക്കാനാണ് ഇവർ ലണ്ടനിലേക്ക് പോകാനിരുന്നത്. ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു’– ഒപ്പമുണ്ടായിരുന്ന സുവർണയുടെ മകൾ തൃപ്തി സോണി തേങ്ങലോടെ പറഞ്ഞു.
സ്വപ്നിൽ 9നും അൽപ 13നും ലണ്ടനിലേക്ക് പോകാനിരുന്നതാണ്. അവസാന നിമിഷമാണ് യാത്ര ഒരുമിച്ചാക്കിയത്.
തൃപ്തി തേങ്ങലോടെ കൂട്ടിച്ചേർത്തു–‘ ഞങ്ങൾ ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുകയാണ്. എങ്കിലേ അവരെ വീട്ടിലേക്ക് കൊണ്ടുപോകാനാകൂ.
അവർക്ക് വിടപറയാനാകൂ’.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]