
ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന കനേഡിയൻ മന്ത്രി; ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓട്ടവ∙ ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന മന്ത്രി. ലിബറൽ പാർട്ടിയുടെ മുതിർന്ന നേതാവും ഇന്ത്യൻ വംശജയുമായ അനിത ആനന്ദാണ് രണ്ടാം തവണ മന്ത്രിയായപ്പോഴും ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്. കാനഡയിൽ പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ വിദേശകാര്യ മന്ത്രിയായാണ് അനിത നിയമിക്കപ്പെട്ടത്. കാനഡയിൽ വിദേശകാര്യ മന്ത്രിയാകുന്ന ആദ്യ വനിതയാണ് അനിത.
∙ ഇന്ത്യൻ ബന്ധം
കാനഡയുടെ കിഴക്കൻതീരത്തുള്ള പ്രവിശ്യയായ നോവ സ്കോട്ടിയയിലെ കെന്റ്വില്ലിൽ 1967ലാണ് അനിത ആനന്ദിന്റെ ജനനം. രക്ഷിതാക്കൾ ഇന്ത്യയിൽനിന്നു കുടിയേറിയവർ. പിതാവ് എസ്.വി.ആനന്ദ് തമിഴ്നാട്ടുകാരനും മാതാവ് സരോജ് ഡി. റാം പഞ്ചാബിലെ ജാണ്ഡിയാല ഗുരു സ്വദേശിയും. ഡോക്ടർമാരായ അനിതയുടെ മാതാപിതാക്കൾ അയർലൻഡിൽവച്ച് കണ്ടുമുട്ടി. പിന്നീട് ലണ്ടനിൽവച്ച് വിവാഹിതരാകുകയും തുടർന്ന് നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിൽ താമസിച്ചശേഷം 1965ൽ കാനഡയിലേക്കു കുടിയേറുകയുമായിരുന്നു. ഹിന്ദു, സിഖ് വിശ്വാസങ്ങളോട് മമത പുലർത്തുന്ന അനിത, കാനഡയിലും ഇന്ത്യൻ ആചാരങ്ങളും ആഘോഷങ്ങളും പിന്തുടരുന്നു. ‘എന്റെ പഞ്ചാബി, തമിഴ് പൈതൃകത്തെക്കുറിച്ചു വളരെ അഭിമാനമുള്ള ഒരു കനേഡിയനാണ് ഞാൻ’ – അനിത ഒരിക്കൽ കനേഡിയൻ പാർലമെന്റിൽ പറഞ്ഞു.
∙ രാഷ്ട്രീയജീവിതം
2019ലാണ് അനിത ആനന്ദിന്റെ രാഷ്ട്രീയ പ്രവേശനം. രാഷ്ട്രമീമാംസയിലും തത്വശാസ്ത്രത്തിലും നിയമത്തിലും ക്വീൻസ്, ഓക്സ്ഫഡ്, ഡാൽഹൗസി സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ അനിത ടൊറൊന്റോ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 2019 വരെ വിവിധ സർവകലാശാലകളിൽ പ്രഫസറായിരുന്നു.
2019ൽ കനേഡിയൻ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കാനഡയിൽ എംപിയാകുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു അവർ. 2021ൽ അനിത കാനഡയുടെ പ്രതിരോധ മന്ത്രിയായി. ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത. 2023 ജൂലൈ വരെ അനിത പ്രതിരോധ മന്ത്രി സ്ഥാനത്തു തുടർന്നു. 2023 ജൂലൈ മുതൽ 2024 ഡിസംബർ വരെ കനേഡിയൻ ട്രഷറി ബോർഡ് സെക്രട്ടേറിയറ്റിന്റെ പ്രസിഡന്റായി. തുടർന്ന് ആഭ്യന്തര വ്യാപാരം, ഗതാഗതം വകുപ്പുകളുടെ മന്ത്രിയും. ഈ ചുമതലയിൽ തുടരവേയാണ് പുനഃസംഘടനയിൽ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെടുന്നത്.
ഇന്ത്യയെ തുണയ്ക്കുമോ ?
ഇന്ത്യൻ സംസ്കാരത്തോടും ഭഗവദ് ഗീതയോടും സ്നേഹമുണ്ടെങ്കിലും ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം അനിത ആനന്ദ് മെച്ചപ്പെടുത്തുമെന്നു കണ്ണടച്ച് പറയാനാവില്ല. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ട്രൂഡോ സർക്കാർ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അനിത ആനന്ദ് അതിനെ പിന്തുണച്ചിരുന്നു. നിജ്ജറിന് ആദരാജ്ഞലികൾ അർപ്പിച്ച അനിത കാനഡയിലെ ‘വിദേശ ഇടപെടലിനെ’ ഗൗരവമായി കാണുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിഖ് വിഘടനവാദത്തോട് കാനഡ മൃദു സമീപനം പുലർത്തുന്നെന്ന ഇന്ത്യയുടെ വിമർശനത്തിന് കാനഡയുടെ നയങ്ങൾ വിവേകപൂർവമുള്ളതാണെന്നാണ് അവർ പ്രതികരിച്ചത്.
അതേസമയം, ഖലിസ്ഥാൻ വിഘടനവാദികൾ ഇന്ദിരാഗാന്ധി വധത്തെ മോശമായി ചിത്രീകരിച്ച് ടൊറന്റോയിൽ ഫ്ലോട്ട് അവതരിപ്പിച്ചതിനെ അനിത അപലപിച്ചിരുന്നു. കാനഡയിൽ ഹിന്ദു ആരാധനാലയങ്ങൾക്കുനേരെയും ഗാന്ധി പ്രതിമയ്ക്കുനേരെയും ആക്രമണമുണ്ടായതിനെയും അവർ എതിർത്തു. ഭൂതകാലം വിശലകനം ചെയ്താൽ ഇന്ത്യയെ സംബന്ധിച്ചു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ‘ഇന്ത്യക്കാരി’യാണ് അനിത ആനന്ദ്.