
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് റജബ്ബ് തയ്യിബ് എർദോഗാനും പങ്കെടുത്തു. തുർക്കി പ്രസിഡന്റ് ഫോൺ വഴിയാണ് പങ്കെടുത്തത്. 33 മിനിട്ട് ദൈർഘ്യമേറിയതായിരുന്നു കൂടിക്കാഴ്ച. 25 വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുന്നത്. 2000ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ക്ലിന്റണും സിറിയൻ പ്രസിഡന്റായിരുന്ന ഹാഫിസ് അൽ അസദും ജനീവയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കയുടെ നയങ്ങളിൽ മാറ്റം വരുത്തുന്ന സുപ്രധാന കൂടിക്കാഴ്ചയായിരുന്നു ഇത്. സിറിയക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവേയായിരുന്നു ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം. ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
അതേസമയം മിഡിൽ ഈസ്റ്റിന്റെ പരസ്പര ഐക്യവും സൗഹൃദവും ശ്രദ്ധേയമാണെന്നും ഇത് പലരും അസൂയയോടെയാണ് കാണുന്നതെന്നും ട്രംപ് അറബ്-യുഎസ് ഉച്ചകോടിയിൽ പറഞ്ഞു. കൂടാതെ, ഇറാൻ ആണവ പദ്ധതിയെ എതിർക്കുകയും ഇറാൻ ആണവായുധം ഉണ്ടാക്കാൻ പാടില്ലെന്നും ട്രംപ് ഉച്ചകോടിയിൽ പറഞ്ഞു. അമേരിക്കൻ – ഇസ്രയേലി ബന്ദിയുടെ മോചനം പ്രതീക്ഷിച്ചിരുന്നില്ല, എദൻ മരിച്ചെന്നാണ് കരുതിയത്. എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടണം. അതാണ് സമാധാനത്തിലേക്കുള്ള വഴിയെന്നും ട്രംപ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]