
പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. അതിപ്പോൾ ശുദ്ധമായ വായുവും തണുത്ത അന്തരീക്ഷവും കോടയും പ്രകൃതി രമണീയമായ സ്ഥലവും കൂടിയാകുമ്പോൾ ആസ്വാദനത്തിന് മാറ്റേറും. അധികം കഷ്ടപ്പാടുകള്‍ ഒന്നുമില്ലാതെ അത്യാവശ്യം റൈഡിംഗ് എക്സ്പീരിയന്‍സൊക്കെ ലഭിക്കുന്ന സ്ഥലവും കൂടിയായാലോ?.. സന്തോഷം ഡബിളാകും അല്ലേ.. അത്തരത്തിലൊരു ഇടമുണ്ട് അങ്ങ് ഇടുക്കിയിൽ.
ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. കോട്ടയം-കുമളി ദേശീയപാതയിൽ മുറിഞ്ഞപുഴയിൽ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പാഞ്ചാലിമേട്ടിലെത്താം. പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലമാണ് പാഞ്ചാലിമേടെന്ന് ഐതിഹ്യം. ഇവിടുത്തെ മലമുകളിലെ ആഴമുള്ള കുളത്തിലാണ് പാഞ്ചാലി കുളിച്ചെതെന്നും പറയുന്നുണ്ട്.
ഐതിഹ്യ പ്രകാരം പാണ്ഡവന്മാരുടെ സാന്നിധ്യവും പാഞ്ചാലി കുളിച്ച കുളവും ഉണ്ടായിരുന്നതിനാൽ പാഞ്ചാലിമേടെന്ന് ഇവിടുത്തെ മലനിരകൾ അറിയപ്പെടുന്നു. കുട്ടിക്കാനത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ സ്ഥലം പുരാണ ആകർഷണത്തിന്റെയും ശാന്തമായ പ്രകൃതിദൃശ്യങ്ങളുടെയും സമ്പൂർണ്ണ സംയോജനമാണ്. കുടുംബമായും സുഹൃത്തുക്കളുമായൊക്കെ എത്തി അടിച്ചുപൊളിക്കാൻ പറ്റിയൊരു ഇടമാണ് പാഞ്ചാലിമേട്.
പാഞ്ചാലിമേട്ടിലേക്കുള്ള യാത്ര അത്ര സാഹസികമല്ല. വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗ് പാതയേക്കാൾ മൃദുവായ ഒരു കാൽനടയാത്രയാണ്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഈ മലകയറ്റം എളുപ്പമാണ്. നന്നായി നിരത്തിയ പാറക്കെട്ടുകളുള്ള ഈ നടപ്പാത സന്ദർശകരെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്നു. വഴിയിൽ വിശ്രമിക്കാനായി നിരവധി ബെഞ്ചുകളും തൂണുകളുള്ള ഹാളുകളുമുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവേശന സമയം. വിശ്വാസങ്ങൾ ഒന്നിച്ചുനിൽക്കുന്ന സ്ഥലമാണ് പാഞ്ചാലിമേട്. ഈ പ്രദേശത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ക്രിസ്ത്യൻ കുരിശുകളും ഒരു ഹിന്ദു ക്ഷേത്രവുമുണ്ട്. പാഞ്ചാലിക്കുളത്തിന് പുറമെ പാണ്ഡവ ഗുഹയും ഇവിടെ എത്തിയാൽ കാണാനാകും.
പാഞ്ചാലിമേട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മകര സംക്രാന്തിയുടെ ഉത്സവകാലം. ആയിരക്കണക്കിന് ഭക്തർ മകര ജ്യോതി കാണാൻ ഇവിടെ എത്തുന്നു. ഇവിടേയ്ക്കെത്താൻ കുമളിയിൽ നിന്നും കുട്ടിക്കാനത്തേക്ക് നേരിട്ട് ബസുകൾ ലഭ്യമാണ്. കുട്ടിക്കാനത്ത് നിന്ന് സന്ദർശകർക്ക് പാഞ്ചാലിമേട്ടിൽ എത്താൻ സ്വകാര്യ ജീപ്പ് സർവീസുകൾ ലഭ്യമാണ്. സ്വന്തം വാഹനത്തിലും പാഞ്ചാലിമേട്ടിലേക്ക് എത്താനാകും.
READ MORE: മൂന്നാറിലെ പരീക്ഷാ മരങ്ങൾ പൂത്തു; റോഡരികുകളിൽ പ്രകൃതിയുടെ ദൃശ്യവിരുന്ന്, ഒപ്പം നല്ല തണുപ്പും!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]