ലണ്ടൻ: ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ളണ്ട് പേസ് ബൗളർക്ക് വിസ ലഭിച്ചില്ല. പാക് വംശജനായ സാക്വിബ് മഹ്മൂദിനാണ് ഇന്ത്യൻ വിസ ലഭിക്കാത്തത്. സാക്വിബിന്റെ പാസ്പോർട്ട് ഇന്ത്യൻ എംബസി ഇപ്പോഴും വാങ്ങിവച്ചിരിക്കുകയാണ് എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ട്വന്റി20യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇംഗ്ളണ്ട് ഇന്ത്യയിൽ കളിക്കുക. ജനുവരി 22നാണ് മത്സരങ്ങൾ ആരംഭിക്കുക. ഇംഗ്ളണ്ടിനായി ഒൻപത് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിച്ചിട്ടുള്ള 27കാരനായ സാക്വിബ് ഇതുവരെ ട്വന്റി20യിൽ അരങ്ങേറിയിട്ടില്ല.
അതേസമയം സാക്വിബിന്റെ മറ്റ് ടീമംഗങ്ങളായ ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ബ്രൈഡൺ കാർസ്, മാർക് വുഡ് എന്നിവർ ഇതിഹാസ ഇംഗ്ളീഷ് പേസ് ബൗളർ ജെയിംസ് ആന്റേഴ്സണിന്റെ കീഴിൽ യുഎഇയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. സാക്വിബും പരിശീലനത്തിനായി ഇംഗ്ളണ്ടിൽ എത്തേണ്ടിയിരുന്നതാണ്. വിസ ലഭിക്കാത്തതിനാൽ സാക്വിബ് മഹ്മൂദിന്റെ ഫ്ളൈറ്റ് ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് റദ്ദാക്കി. പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് അദ്ദേഹം എത്തുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യാ പര്യടനത്തിന് മുന്നോടിയായി യുഎഇയിലെ ബൗളിംഗ് ക്യാമ്പിൽ മഹ്മൂദ് എത്തേണ്ടിയിരുന്നത്. കടുത്ത തണുപ്പുള്ള അന്തരീക്ഷമാണ് ഇപ്പോൾ ഇംഗ്ളണ്ടിലുള്ളത്.അതിനാൽ അവിടെ പരിശീലനം നടത്തുക പ്രയാസമായതിനാലാണ് ഇംഗ്ളീഷ് ബൗളർമാർ യുഎഇയിൽ പരിശീലനത്തിന് എത്തിയത്. അടുത്ത ബുധനാഴ്ച കൊൽക്കത്തയിലാണ് ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]