ശ്രീനഗർ: ജമ്മു കാശ്മീരിലെ കുഴിബോംബ് സ്ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രാജൗരി ജില്ലയിലാണ് സംഭവം. രാവിലെ 10:45 ഓടെ സൈനികരിലൊരാൾ അബദ്ധത്തിൽ കുഴിബോംബിന് മുകളിൽ ചവിട്ടിയതാണ് സ്ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജമ്മു കാശ്മീരിൽ മാത്രമല്ല സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഢിലെ സി ആർ പി എഫ് ജവാന് പരിക്കേറ്റിരുന്നു. ബിജാപൂർ ജില്ലയിലാണ് സംഭവം. സി ആർ പി എഫിന്റെ 196ാം ബറ്റാലിയൻ സംഘം മഹാദേവ് ഘട്ട് മേഖലയിൽ നടത്തിയ ഓപ്പറേഷനിടെയാണ് സ്ഫോടനമുണ്ടായത്.
പട്രോളിംഗിനിടെ സി ആർ പി എഫ് ജവാൻ ഐ ഇ ഡിയുടെ മുകളിലൂടെ കടന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ജവാനെ ബിജാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നാരായൺപൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]