
കാര്‍ വാങ്ങുന്നവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്നതായി കാര്‍സ് 24-ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രീ ഓണ്‍ഡ് കാറുകള്‍ക്കുള്ള താല്പര്യവും വര്‍ധിക്കുന്നതു തുടരുകയാണെന്നും മുന്‍നിര ഓട്ടോ ടെക് കമ്പനിയായ കാര്‍സ് 24 പുറത്തിറക്കിയ മൈലേജ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തിയ കാര്‍സ് 24 വില്പനയില് 42 ശതമാനം വളര്‍ച്ച കൈവരിച്ചതായും 2023-ലെ സുപ്രധാന പ്രവണതകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
താങ്ങാനാവുന്ന വിലയിൽ പ്രീമിയം കാറുകൾ ലഭ്യമാകുന്നത് ഉപയോഗിച്ച കാറുകളെ സ്മാർട്ട് ചോയിസാക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം പുതു തലമുറയ്ക്ക് പുതിയ കാറുകൾ വാങ്ങുക മാത്രമല്ല നവീകരിക്കുകയും ചെയ്തു പുതിയ തരംഗം സൃഷ്ടിക്കാനായി. കാർസ് 24 ഡാറ്റ അനുസരിച്ച്, 2023-ൽ പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും അനുപാതം 1:1.5 ആയിരുന്നു – അതായത് പത്ത് പുതിയ കാറുകൾ വിറ്റതിന്, പതിനഞ്ച് ഉപയോഗിച്ച കാറുകൾ വിപണിയിലെത്തി. പുതു തലമുറ പ്രീമിയം യൂസ്ഡ് കാറുകളുടെ ഈ വരവ് നിരവധി ഇന്ത്യക്കാരുടെ കാർ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. എസ്യുവികളുടെ വിൽപ്പന കുതിച്ചുയർന്നതും പോയ വർഷത്തെ മറ്റൊരു പ്രത്യേകതയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആളുകൾ കുടുംബമായുള്ള യാത്രകൾക്ക് കൂടുതൽ വിശാലമായുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതും സാഹസികർ അവരുടെ ഓഫ്-റോഡ് യാത്രയ്ക്കായി എസ്യുവികളെ തിരഞ്ഞെടുക്കാൻ തുടങ്ങിയതും അവയുടെ വില്പന വർധിപ്പിച്ചു.
ഇന്നത്തെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി യോജിപ്പിക്കുന്ന മുൻനിര ഫീച്ചറുകൾക്കൊപ്പം, വ്യത്യസ്ത വില പോയിന്റുകളിൽ ലഭ്യമായ വിപുലീകരിച്ച ഓപ്ഷനുകളും ഈ വർദ്ധനവിന് കാരണമാകാം. എസ്യുവി കേന്ദ്രീകൃത പ്രവണത പുതിയ കാറുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും 2021 സാമ്പത്തിക വർഷം മുതൽ 4-6% വളർച്ചയോടെ യൂസ്ഡ് കാർ വിപണിയിൽ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ബ്രെസ്സ, സോനെറ്റ്, ഇക്കോസ്പോർട്ട്, എക്സ്യുവി300, ടൈഗൺ, ടിയാഗോ എന്നിവ ഉൾപ്പെടുന്നതാണ് ഈ വർഷം ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്ന മികച്ച എസ്യുവികൾ.
നെക്സോൺ ആണ് കൊച്ചിയിലെ കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത എസ്യുവി വാഹനം. വൈദ്യുത വാഹനങ്ങള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു മടങ്ങു വര്‍ധനവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിഎന്‍ജി വില്പന 2.6 മടങ്ങു വര്‍ധിച്ചിട്ടുമുണ്ട്. മെട്രോ നഗരങ്ങളിൽ ഡെല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. മെട്രോ ഇതര മേഖലകളില്‍ ലക്നൗ, ജയ്പൂർ, സൂറത്ത്, കൊച്ചി, പാറ്റ്ന എന്നിവിടങ്ങളാണ് മുന്നില്‍.
Last Updated Jan 14, 2024, 4:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]