
സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയക്കെതിരെ പരമ്പരയില്‍ പുറത്തെടുത്ത പ്രകടനം അതേപടി ദക്ഷിണാഫ്രിക്കിയിലും ആവര്‍ത്തിക്കുകയായിരുന്നു സൂര്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 36 പന്തില്‍ 56 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ മൂന്ന് സിക്സും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടും. തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതും നായകന്റെ ഇന്നിംഗ്സായിരുന്നു. ഇതോടെ ഒരു റെക്കോര്‍ഡും സൂര്യയെ തേടിയെത്തി.
ടി20യില്‍ ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് സൂര്യ. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയാണ് സൂര്യ മറികടന്നത്. 2007ല്‍ ധോണി നേടിയ 45 റണ്‍സാണ് പഴങ്കഥയായത്. അതേവര്‍ഷം, ധോണി നേടിയ 36 റണ്‍സ് മൂന്നാം സ്ഥാനത്തായി. ദീര്‍ഘകാലം ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഇടം നേടാനായില്ലെന്നുള്ളത് സൂര്യയുടെ ഇന്നിംഗ്സിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
സൂര്യ തിളങ്ങിയെങ്കിലും രണ്ടാം ടി20 ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. അഞ്ച് വിക്കറ്റന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെ മഴ മത്സരം തടസപ്പെടുത്തിയിരുന്നു. പിന്നാലെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി വെട്ടിച്ചുരുക്കി. സൂര്യക്ക് പുറമെ റിങ്കു സിംഗ് (39 പന്തില്‍ പുറത്താവാതെ 68) പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ ലക്ഷ്യം മറികടന്നു. റീസ ഹെന്‍ഡ്രിക്സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]