
സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20യില്‍ നീലപ്പട പരാജയം രുചിച്ചെങ്കിലും ബാറ്റിംഗില്‍ താരം റിങ്കു സിംഗായിരുന്നു. സെന്റ് ജോര്‍ജ്സ് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ 39 പന്തില്‍ 9 ഫോറും 2 സിക്സും പുറത്താകാതെ 68 റണ്‍സെടുത്ത റിങ്കുവായിരുന്നു ടോപ് സ്കോറര്‍. റിങ്കു സിംഗിന്റെ കന്നി രാജ്യാന്തര ട്വന്റി 20 ഫിഫ്റ്റി കൂടിയാണിത്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ആദ്യ പര്യടനത്തില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്ന റിങ്കു സിംഗിനെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍ പ്രശംസകൊണ്ട് മൂടി.
‘റിങ്കു സിംഗിന്റെ പക്കല്‍ എല്ലാത്തരം ഷോട്ടുകളുമുണ്ട്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും കളിക്കാനാകും. ബാക്ക്ഫൂട്ടില്‍ റിങ്കു കളിക്കുന്നത് നമ്മള് കണ്ടു. മികച്ച തുടക്കം ലഭിച്ചാല്‍ റിങ്കു സിംഗിനെ തടയുക പ്രയാസമാകും. ആദ്യ ഫിഫ്റ്റി തികച്ചത് റിങ്കു സിംഗിന്റെ ആത്മവിശ്വാസം കൂട്ടും’ എന്നും സുനില്‍ ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. സെന്റ് ജോര്‍ജ്സ് പാര്‍ക്കിലെ വലിയ ബൗണ്ടറികളില്‍ സിക്സര്‍ നേടുക പ്രയാസമാകും എന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞ് നാവെടുക്കും മുമ്പേ രണ്ട് കൂറ്റന്‍ സിക്സുകള്‍ റിങ്കു ഇന്നിംഗ്സിലെ 19-ാം ഓവറില്‍ പറത്തിയത് ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദത്തിലാക്കിയിരുന്നു. ഏയ്ഡന്‍ മാര്‍ക്രാമിനെതിരെ അടുത്തടുത്ത പന്തുകളിലായിരുന്നു റിങ്കുവിന്റെ തകര്‍പ്പന്‍ സിക്സുകള്‍.
മഴ കളിച്ച മത്സരത്തില്‍ മികച്ച സ്കോര്‍ കണ്ടെത്തിയിട്ടും എന്നാല്‍ ടീം ഇന്ത്യ ഡിഎല്‍എസ് നിയമപ്രകാരം അഞ്ച് വിക്കറ്റിന്റെ തോല്‍വി നേരിട്ടു. സ്കോര്‍: ഇന്ത്യ- 180/7 (19.3), ദക്ഷിണാഫ്രിക്ക- 154/5 (13.5). ഇന്ത്യക്കായി റിങ്കു സിംഗിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (36 പന്തില്‍ 56) അര്‍ധസെഞ്ചുറി നേടി. മഴ മത്സരം തടപ്പെടുത്തിയതോടെ വിജയലക്ഷ്യം 152 റണ്‍സായി ചുരുക്കിയപ്പോള്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്ക ജയത്തിലെത്തി. 27 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സും 17 പന്തില്‍ 30 നേടിയ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രാമുമാണ് പ്രോട്ടീസിന്റെ വിജയശില്പികള്.
Last Updated Dec 13, 2023, 7:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]