
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ജയിലിൽ രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികൾ ജയിൽ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജെയിൽ ചാടിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ബിജെപി ഭരണത്തിൽ ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു.
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല സംഘടിപ്പിച്ചത്. തടവു പുള്ളികളായിരുന്നു അഭിനേതാക്കൾ. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുൾപ്പടെ രണ്ട് പേർ ജയിൽ ചാടിയെന്ന് അധികൃതർക്ക് മനസിലായത്. ജയിലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോഗിച്ച ഏണി ഉപയോഗിച്ചാണ് പ്രതികൾ രെക്ഷപ്പെട്ടത്. രക്ഷപ്പെട്ട പങ്കജിനെ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമൻ രാംകുമാർ വിചാരണ തടവുകാരനാണ്.
പുലർച്ചെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നും ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാർ എസ്പി അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് വിമർശിച്ചു. അറ്റകുറ്റപണി നടക്കുന്നതിനിടെ ജയിൽ വളപ്പിൽ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണ്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, മുഖ്യമന്ത്രിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]