
പ്രിയപ്പെട്ടവരുടെ ചിതാഭസ്മം നമുക്ക് പ്രധാനപ്പെട്ടതാണ്. ഈ ലോകം വിട്ടുപോകുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ഒടുവില്‍ ശേഷിക്കുന്നത് ഒരുപിടി ചിതാഭസ്മം മാത്രമായിരിക്കും. എന്നാല്‍, ആരെങ്കിലും പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വില്ക്കാന് തയ്യാറാവുമോ? ഇനി അഥവാ വില്ക്കാന് തയ്യാറായാല്‍ തന്നെയും ആരാണത് വാങ്ങുക? ഏതായാലും ഇത് രണ്ടും സംഭവിച്ചു. ഒരു യുവാവ് തന്റെ അമ്മയുടെ ചിതാഭസ്മം വിറ്റു. ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച ചിതാഭസ്മം ഒരു യുവതി വാങ്ങുകയും ചെയ്തു.
അമ്മ മരിച്ചതിന് പിന്നാലെ അമ്മയുടെ ചിതാഭസ്മം രണ്ട് ചെറിയ കുപ്പികളിലാക്കി വില്ക്കാന് തീരുമാനിക്കുകയായിരുന്നു യുവാവ്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലാണ് ചിതാഭസ്മം വില്ക്കാന് വച്ചത്. ഓരോന്നിനും ഏകദേശം 2400 രൂപയായിരുന്നു വില. ഇനി ഇത് ആരാണ് വാങ്ങാന്‍ തയ്യാറാവുക എന്നല്ലേ? ഇതില്‍ ഒരു കുപ്പി ഒരു യുവതി വാങ്ങിക്കഴിഞ്ഞു. ശവസംസ്കാര മേഖലയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ഇത് വാങ്ങിയത്. ലോറന് എലിസ എന്നാണ് യുവതിയുടെ പേര്.
എന്നാല്‍, ലോറന് മരണത്തോട് വലിയ അഭിനിവേശം ആണ്. ടിക്ക്ടോക്കിലൂടെ നിരന്തരം മരണത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് ലോറന്. പലരും തികച്ചും അപരിചിതയായ ഒരാളുടെ ചിതാഭസ്മം വാങ്ങിയതിന് വലിയ തരത്തില്‍ ലോറനെ വിമര്‍ശിച്ചു. എന്നാല്‍, യുഎസ്സില്‍ ചിതാഭസ്മം വാങ്ങുന്നത് നിയമവിരുദ്ധമല്ല, അങ്ങനെ വാങ്ങിയതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ലോറന്റെ മറുചോദ്യം. അതുകൊണ്ടും തീര്‍ന്നില്ല, ചിതാഭസ്മം ലഭിച്ച ശേഷം അതിന്റെ അണ്‍ബോക്സിംഗ് വീഡിയോയും അവള് ചെയ്തു. ‘ഒടുവില്‍ മുത്തശ്ശി ഇതാ എത്തിക്കഴിഞ്ഞു’ എന്നായിരുന്നു അവള് പറഞ്ഞത്.
400 രൂപ അധികം കൊടുത്ത് ആ ചിതാഭസ്മത്തോടൊപ്പം അതിന്റെ ‘ബാക്ക്സ്റ്റോറി’ കൂടി ലോറൻ സ്വന്തമാക്കിയിരുന്നു. ഏതായാലും ലോറൻ വാങ്ങിയ ചിതാഭസ്മത്തിന്റെ അൺബോക്സിംഗ് വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഭൂരിഭാഗം പേരും ലോറനെ വിമർശിച്ചു. തികച്ചും വിചിത്രമായ സംഭവം എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 12, 2023, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]