അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ സ്വീകരിച്ച നടപടികൾ സംശയനിഴലിൽ. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കാര്യങ്ങൾ നീക്കിയതെന്ന മുൻ മന്ത്രിയുടെ വാദങ്ങളെ പൂർണ്ണമായും ഖണ്ഡിക്കുന്ന ഔദ്യോഗിക രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) മന്ത്രി നടത്തിയെന്നു പറയുന്ന പല പ്രധാനപ്പെട്ട കത്തിടപാടുകളും നിലവിൽ സർക്കാരിന്റെ കൈവശമുള്ള ഫയലുകളിൽ ലഭ്യമല്ലെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 24നാണ് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഔദ്യോഗിക ഉത്തരവിറക്കിയത്. സ്പോർട്സ് കേരള ഫൗണ്ടേഷന് മേൽനോട്ട
ചുമതല നൽകിയെന്നും രണ്ട് പ്രദർശന മത്സരങ്ങൾ നടത്താൻ സ്പോൺസർക്ക് അനുമതി നൽകിയെന്നുമായിരുന്നു ഈ ഉത്തരവിലുണ്ടായിരുന്നത്. എന്നാൽ, ഇതിനും നാല് ദിവസങ്ങൾക്ക് മുൻപ് തന്നെ സ്പോൺസർ എഎഫ്എയുമായി കരാർ ഒപ്പുവെച്ചിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.
സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 210 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട
പദ്ധതിയിലേക്ക് യാതൊരുവിധ ടെൻഡർ നടപടികളുമില്ലാതെ സ്പോൺസറെ നേരിട്ട് തിരഞ്ഞെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 2025 ജനുവരി 7ന് കായികവകുപ്പ് ആദ്യ ഉത്തരവ് തിരുത്തുകയും ചെയ്തു.
കത്തിടപാടുകളിൽ പലതും ഫയലിൽ ഇല്ലെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. എഎഫ്എ പ്രതിനിധികളുമായി മുൻ മന്ത്രി നേരിട്ട് ഇമെയിൽ മുഖേനയാണ് ആശയവിനിമയം നടത്തിയത്.
എന്നാൽ രണ്ട് വർഷത്തിന് ശേഷമാണ് ഇതിൽ ചില കത്തിടപാടുകൾ ഫയലിൽ ഉൾപ്പെടുത്തിയത്. ഭൂരിഭാഗം സന്ധാനങ്ങളും ഇപ്പോൾ ഫയലിൽ കാണാനില്ല.
മുതിർന്ന ഉദ്യോഗസ്ഥരെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കായികവകുപ്പിന് നിർദേശങ്ങൾ നൽകിയിരുന്നത്. എഎഫ്എ ചീഫ് കമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ് മാനേജർ ലിയാന്ദ്രേ പീറ്റേഴ്സൺ, ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ജെ.
ഡയസ് എന്നിവരുമായി മന്ത്രി നടത്തിയെന്ന് പറയുന്ന ഇമെയിൽ സന്ദേശങ്ങളുടെ കോപ്പികൾ പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമീറ ഐഷാ ബീഗത്തിന് അയച്ചിരുന്നു. എന്നാൽ കായികവകുപ്പ് സെക്രട്ടറിക്കോ ഡയറക്ടർക്കോ ഈ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
ഔദ്യോഗിക പദവികൾ ഒന്നുമില്ലാത്ത ഒരു വ്യക്തിക്ക് ഔദ്യോഗിക രേഖകൾ കൈമാറിയതിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായേക്കാം. അർജന്റീന ടീമിന്റെ സന്ദർശനം മൂലം സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദവും ഇതിനിടെ പൊളിഞ്ഞു.
ടീമിനെ ക്ഷണിക്കുന്നതിന്റെ ഭാഗമായി സ്പെയിൻ സന്ദർശിച്ച സംഘത്തിന് 13,04,434 രൂപ ചെലവായതായി മുൻപ് നിയമസഭയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. സ്പോൺസറെയും സംഘാടകരെയും തിരഞ്ഞെടുക്കുന്നതിൽ ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളതെന്ന് എൻ.പ്രശാന്തിന്റെ റിപ്പോർട്ടിൽ ആവർത്തിച്ചു വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

