
കോഴിക്കോട്: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ യൂത്ത് കോൺഗ്രസിന്റെ ചരിത്രം മനസ്സിലാക്കാത്തത് കൊണ്ടാണ് വിമർശിക്കുന്നതെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെ കുട്ടികളെ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്.
അല്ലാതെ ഇങ്ങനെ പരസ്യമായി പറയേണ്ടിയിരുന്നില്ല. യൂത്ത് കോൺഗ്രസുകാർ കുറച്ചുകൂടി ഊർജ്ജസ്വലമാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശശി തരൂരിനെയും മുല്ലപ്പള്ളി രൂക്ഷമായി വിമർശിച്ചു. തരൂരിന് സ്ഥല ജലവിഭ്രമമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തരൂരിന് മറുപടി നൽകാൻ അറിയാത്തതുകൊണ്ടല്ല. പക്ഷേ പാർട്ടി തീരുമാനിച്ചത് മറുപടി പറയേണ്ട
എന്നുള്ളതാണ്. തരൂരിന് വീര പരിവേഷം നൽകാൻ കോൺഗ്രസ് തയ്യാറല്ല.
തരൂർ എവിടെ നിൽക്കുന്നു എന്ന് വ്യക്തമാക്കണം. എവിടെയാണ് നിൽക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയില്ല.
സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം അദ്ദേഹത്തിന് ഇല്ലായിരിക്കാം. തരൂർ മറ്റൊരു പാർട്ടിയിലേക്ക് പോകാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് കോൺഗ്രസ് സംയമനം പാലിക്കുന്നത്.
അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാനാണ് തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ ആശയ ആദർശങ്ങൾ സ്വീകരിക്കുന്ന ആരെയും ഉൾക്കൊള്ളാൻ തയ്യാറാണെന്നാണ് പി കെ ശശിയെ കുറിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളിയുടെ മറുപടി.
ആർക്കും മുമ്പിലും മലർക്കെ വാതിൽ തുറക്കുകയല്ലല്ലോ ചെയ്യുന്നത്. എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ സ്വീകരിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും പി ജെ കുര്യൻ എസ്എഫ്ഐയുടെ സർവകലാശാല സമരം കണ്ടില്ലേ എന്നും ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു എന്നുമാണ് പി ജെ കുര്യൻ പറഞ്ഞത്. സിപിഎം സംഘടനാ സംവിധാനം ശക്തമാണ്.
യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തി പി ജെ കുര്യൻ വിമർശിച്ചു.
കഴിഞ്ഞ തവണ താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നുവെന്നും പി ജെ കുര്യൻ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ ആരോടും ആലോചിക്കാതെയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്.
അനിൽകുമാറും അടൂർ പ്രകാശും ഇരിക്കുന്ന കെപിസിസിയിൽ താൻ പറഞ്ഞ അഭിപ്രായം അംഗീകരിച്ചില്ല. അന്ന് അവർ കേട്ടില്ല.
താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മൂന്ന് പേർ ഉറപ്പായും ജയിക്കുമായിരുന്നു. സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചാൽ ഇത്തവണ അപകടം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷനെയും, യുഡിഎഫ് കൺവീനറെയും വേദിയിൽ ഇരുത്തി കുര്യൻ മുന്നറിയിപ്പ് നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]