
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴും തൊഴിലാളിയെ കണ്ടെത്താനായില്ല. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായില്ല. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.
കാണാതായ സ്ഥലത്ത് തന്നെ വീണ്ടും പരിശോധിക്കാൻ നീക്കം നടത്തുകയാണ്. വല കെട്ടി റോപ്പ് ചുറ്റി മാലിന്യം എടുത്ത് മാറ്റണം. ഗ്രീൻ നെറ്റ് മുറിച്ച് മാറ്റിയായിരിക്കും മാലിന്യം നീക്കം ചെയ്യുക. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നത്. ഇത് നീക്കംചെയ്താൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണ് ഫയർഫോഴ്സ് പറയുന്നത്. മാലിന്യം മാറ്റാനുള്ള ശ്രമങ്ങളാണ് ഒരു വശത്തും നടക്കുന്നത്. ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിവേ ലൈൻ കടന്ന് പോകുന്ന വഴിയിൽ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയിൽ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ ടണൽ പോലെയാണ്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അതിനിടെ, സ്ഥലത്ത് മേയർ ആര്യരാജേന്ദ്രനെത്തിയിട്ടുണ്ട്. നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ പ്രതികരിച്ചു. കരാർ എടുത്തവർ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണെന്നും മേയർ പറയുന്നു.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാൾ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്.
Last Updated Jul 13, 2024, 1:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]