പുതിയൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന ‘വെൽകം കിറ്റിൽ’ സാധാരണയായി ബ്രാൻഡഡ് മഗ്ഗുകളും ഡയറികളും വൗച്ചറുകളുമാണ് ജീവനക്കാർ പ്രതീക്ഷിക്കാറുള്ളത്. എന്നാൽ, മനീഷ ദുബെ എന്ന യുവതിക്ക് ലഭിച്ച സമ്മാനം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് മനീഷ ദുബെ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ പുതിയ ഓഫീസിലെ ഡെസ്കിൽ വെൽകം ഗിഫ്റ്റായി ഒരു ഗാർബേജ് ബാഗ് ഇരിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്ന് മനീഷ വ്യക്തമാക്കുന്നു.
താൻ തമാശ പറയുകയല്ലെന്നും ഇതൊരു യാഥാർഥ്യമാണെന്നും അവർ കുറിപ്പിൽ പറയുന്നു. പല കമ്പനികളും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെക്കുറിച്ച് വാചാലരാകാറുണ്ടെങ്കിലും, പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് പാക്കേജിംഗിലും പൊതിഞ്ഞ സമ്മാനങ്ങളാണ് പതിവായി നൽകുന്നത്.
എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ പ്രായോഗികമായ ഒരു സമ്മാനമാണ് തന്റെ കമ്പനി നൽകിയതെന്ന് മനീഷ അഭിപ്രായപ്പെടുന്നു. പുതിയൊരു നഗരത്തിലേക്ക് താമസം മാറി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂവെന്നും, ഈ അവസരത്തിൽ തനിക്ക് സുഗന്ധമുള്ള മെഴുകുതിരിയേക്കാളും മറ്റെന്തിനേക്കാളും ആവശ്യം ഗാർബേജ് ബാഗുകൾ തന്നെയാണെന്നും മനീഷ കുറിച്ചു.
തനിക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ചതും പ്രായോഗികവുമായ വെൽകം ഗിഫ്റ്റാണിതെന്നും, എല്ലാ മാസവും ഇത്തരം ബാഗുകൾ ലഭിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. സുസ്ഥിരത എന്ന ആശയത്തെ കേവലം മാർക്കറ്റിംഗ് തന്ത്രമായി കാണാതെ, അത് ജീവിതത്തിൽ പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച കമ്പനിയുടെ നടപടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നിരവധി പേരാണ് ഈ വ്യത്യസ്തമായ ആശയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

