ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആൾത്താമസമില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണങ്ങളും മോഷണ ശ്രമങ്ങളും വർധിക്കുന്നു. മേഖലയിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പൊലീസിനെ വലിയ വെല്ലുവിളിയിലാണ് എത്തിച്ചിരിക്കുന്നത്.
ആദ്യ മോഷണത്തിന് ശേഷം അന്വേഷണം പുരോഗമിക്കവെയാണ് മറ്റ് രണ്ട് വീടുകളിൽ കൂടി മോഷണ ശ്രമം നടന്നത്. മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷം മാത്രം മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി.
കഴിഞ്ഞ ഏപ്രിൽ 30-ന് പുതുശേരിഭാഗത്ത് റോഡരികിലുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നിരുന്നു. ഇതിന് പിന്നാലെ, മാങ്കൂട്ടത്ത് ഏഴംകുളം–കടമ്പനാട് മിനി ഹൈവേയോടു ചേർന്നുള്ള വീട്ടിലും പുതുശേരിഭാഗം ജംക്ഷനു സമീപമുള്ള വീട്ടിലും മോഷണശ്രമം നടന്നു.
മാങ്കൂട്ടത്തെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന വാഹനത്തിന് നാശം വരുത്തിയാണ് മടങ്ങിയത്. മോഷണം നടന്ന വീടുകളിൽ പ്രതികൾ ഏറെ സമയം ചെലവഴിച്ചതായി സൂചനയുണ്ട്.
അടുക്കള വാതിലുകളും പ്രധാന വാതിലുകളും തകർത്ത് അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. മോഷണം നടന്ന വീടുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമായതും, സമീപത്തെ ക്യാമറകളിൽ നിന്ന് വ്യക്തമായ തെളിവുകൾ ലഭിക്കാത്തതും അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.
പ്രാദേശിക മോഷ്ടാക്കളിലേക്കും അന്വേഷണം നീണ്ടെങ്കിലും, പ്രധാന റോഡരികിൽ കൃത്യം ആവർത്തിക്കുന്നത് സംഘടിതരായ വമ്പൻ മോഷ്ടാക്കളുടെ ഇടപെടൽ സംശയിക്കാൻ ഇടയാക്കുന്നു. പൊലീസ് സ്റ്റേഷനിലെ അംഗബലക്കുറവ് പട്രോളിങ്ങിനെയും അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കണമെന്നും രാത്രികാല പട്രോളിങ് കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

