അമേരിക്കൻ സമ്മർദങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരത്തെ പുതിയൊരു ആയുധമായി ഉപയോഗിക്കാൻ ഇറാൻ നീക്കം. ഇനിയൊരു ആക്രമണം ഉണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി.
നിലവിൽ ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ചകൾ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെ, മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന് നേരെയും പുതിയ ആരോപണങ്ങൾ ഉയർന്നു.
60 ശതമാനത്തിലേറെ സമ്പുഷ്ടീകരിച്ച 400 കിലോയിലധികം യുറേനിയം ശേഖരമാണ് നിലവിലെ തർക്കങ്ങളുടെ കേന്ദ്രബിന്ദു. ഈ ശേഖരം കൈമാറാൻ ഇറാൻ വിസമ്മതിക്കുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം.
എന്നാൽ, ഈ ശേഖരത്തെത്തന്നെ തങ്ങളുടെ പുതിയ തുരുപ്പുചീട്ടായി ഉപയോഗിക്കാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്. ആക്രമണമുണ്ടായാൽ സമ്പുഷ്ടീകരണം 90 ശതമാനത്തിലേക്ക് എത്തിച്ച് ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന മുന്നറിയിപ്പിലൂടെ പരോക്ഷമായ ആണവായുധ ഭീഷണിയാണ് ഇറാൻ മുഴക്കുന്നത്.
എന്നാൽ, തങ്ങൾക്ക് ആണവായുധ പദ്ധതിയില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്.
തങ്ങൾ നൽകിയ പതിനാല് ഇന പദ്ധതി അംഗീകരിക്കുക മാത്രമാണ് പരിഹാരമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ആവർത്തിച്ചു. ഇറാൻ ചർച്ചകൾ ബോധപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്ന് അമേരിക്ക സംശയിക്കുന്നു.
വെടിനിർത്തൽ അന്ത്യത്തോടടുത്തു എന്നാണ് ഡോണൾഡ് ട്രംപ് പുതുതായി പറഞ്ഞത്. അതിനിടെ, ചർച്ചകളുടെ മറവിൽ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാനിലെ നൂർഖാൻ എയർബേസിൽ പാർക്കിങ് സൗകര്യം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് വിമാനങ്ങളെ ഒളിപ്പിക്കാൻ പാക്കിസ്ഥാൻ സഹായിച്ചുവെന്ന ആരോപണം പാക്കിസ്ഥാൻ തള്ളി. നിലവിലെ സാഹചര്യത്തിൽ, ചൈനയെയാണ് വിശ്വാസയോഗ്യമായ പങ്കാളിയായി ഇറാൻ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

