
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവതാളത്തിലാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 47 റണ്‍സിന്റെ ത്രില്ലർ ജയം. ആർസിബിയുടെ 187 റണ്‍സ് പിന്തുടർന്ന ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സില്‍ ഓള്‍ഔട്ടായി. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയില്‍ ഏഴില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നെറ്റ് റണ്‍റേറ്റ് ആർസിബിക്ക് അനുകൂലമായി. ക്യാപ്റ്റന്‍ അക്സർ പട്ടേലിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഇന്നിംഗ്സില്‍ ഡല്‍ഹിക്ക് പ്രതീക്ഷയായുണ്ടായിരുന്നത്. സ്കോർ: ബെംഗളൂരു- 187/9 (20), ഡല്‍ഹി- 140 (19.1).
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർസിബിക്കായി അർധസെഞ്ചുറി നേടിയ രജത് പാടിദാർ ആയിരുന്നു ടോപ് സ്കോറർ. 32 പന്തില്‍ ക്രീസില്‍ നിന്ന പാടിദാർ മൂന്ന് വീതം ഫോറും സിക്സറുകളും സഹിതം 52 റണ്‍സെടുത്തു. നായകന് ഫാഫ് ഡുപ്ലസിസ് (7 പന്തില്‍ 6), വിരാട് കോലി (13 പന്തില്‍ 27), വില്‍ ജാക്സ് (29 പന്തില്‍ 41), മഹിപാല്‍ ലോംറർ (8 പന്തില്‍ 13), ദിനേശ് കാർത്തിക് (2 പന്തില്‍ 0), സ്വപ്നില്‍ സിംഗ് (1 പന്തില്‍ 0), കരണ്‍ ശർമ്മ (4 പന്തില്‍ 6), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയായിരുന്നു സ്കോർ. കാമറൂണ്‍ ഗ്രീന്‍ 24 പന്തില്‍ 32* റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റിലെ പാടിദാർ-ജാക്സ് സഖ്യത്തിന്റെ 88 റണ്‍സ് നിർണായകമായി.
അവസാന ഓവറുകളില്‍ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ബെംഗളൂരു ബാറ്റർമാർ ഓരോരുത്തരായി മടങ്ങിയതോടെയാണ് ടീം 200 റണ്‍സ് കടക്കാതിരുന്നത്. 17.3 ഓവറില്‍ 174-4 എന്ന നിലയിലായിരുന്ന ആർസിബിയാണ് 20 ഓവറില്‍ 187-9 എന്ന സ്കോറില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും റാസിഖ് സലീമും രണ്ട് വീതവും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റും നേടി.
ഡല്‍ഹിയുടെ മറുപടി ബാറ്റിംഗില്‍ ജാക്ക് ഫ്രേസർ ഒഴികെയുള്ള മുന്‍നിര ബാറ്റർമാർ പരാജയമായി. ഇംപാക്ട് സബ് ഡേവിഡ് വാർണർ 2 പന്തില്‍ 1 ഉം, വിക്കറ്റ് കീപ്പർ അഭിഷേക് പോരെലും കുമാർ കുഷാഗ്രയും 3 പന്തുകളില്‍ 2 വീതം റണ്‍സുമായും മടങ്ങിയപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗിനിടെ ഫ്രേസർ (8 പന്തില്‍ 21) നിർഭാഗ്യം കൊണ്ട് റണ്ണൗട്ടായി. ഷായ് ഹോപിന്റെ സ്ട്രൈറ്റ് ഡ്രൈവില്‍ പേസർ യാഷ് ദയാലിന്റെ കൈയില്‍ കൊണ്ട് പന്ത് നോണ്‍സ്ട്രൈക്കറായ ഫ്രേസറുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. അലക്ഷ്യമായി ഷോട്ടടിച്ച് ഷായ് ഹോപ് (23 പന്തില്‍ 29) മടങ്ങിയപ്പോള്‍ ഇല്ലാത്ത റണ്ണിനായി ഓടിയ ട്രിസ്റ്റന്‍ സ്റ്റബ്സിനെ (4 പന്തില്‍ 3) ഗ്രീന്‍ റണ്ണൗട്ടാക്കിയത് നിർണായകമായി.
സ്റ്റബ്സും പോയതോടെ 11 ഓവറില്‍ 90-6 എന്ന നിലയില്‍ ഡല്‍ഹി പ്രതിരോധത്തിലായി. എന്നാല്‍ 30 പന്തില്‍ സിക്സോടെ ഫിഫ്റ്റി തികച്ച ക്യാപ്റ്റന്‍ അക്സർ പട്ടേല്‍ ഡല്‍ഹിക്കായി പൊരുതി. 15-ാം ഓവറില്‍ റാസിഖിനെ (12 പന്തില്‍ 10) മടക്കി ഗ്രീന്‍ അടുത്ത പ്രഹരവും ഡല്‍ഹിക്ക് സമ്മാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ 39 പന്തില്‍ 57 എടുത്ത് നില്‍ക്കേ യാഷ് ദയാല്‍ വീഴ്ത്തി. അവസാനക്കാരായി മുകേഷ് കുമാറും (7 പന്തില്‍ 3), കുല്‍ദീപ് യാദവ് (10 പന്തില്‍ 6) മടങ്ങിയതോടെ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ തോല്‍വി സമ്പൂർണമായി. ഇഷാന്ത് ശർമ്മ (0*) പുറത്താവാതെ നിന്നു. യാഷ് ദയാല്‍ മൂന്നും ലോക്കീ ഫെർഗ്യൂസണ്‍ രണ്ടും കാമറൂണ്‍ ഗ്രീനും മുഹമ്മദ് സിറാജും സ്വപ്നില്‍ സിംഗും ഓരോ വിക്കറ്റുമായും തിളങ്ങി.
Last Updated May 12, 2024, 11:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]