
സെറിബ്രൽ പാൾസി ബാധിച്ച മകളുമായി ഒറ്റമുറി വാടകവീട്ടിൽ ദുരിത ജീവിതമാണ് കണ്ണൂർ ചെറുപുഴ ചുണ്ടയിലെ സുഷമയുടേത്. ഭർത്താവ് മരപ്പണിക്കിടെ പരിക്കേറ്റ് കിടപ്പായതോടെ വരുമാനം നിലച്ചു. പണമില്ലാത്തതിനാൽ വീടുപണി മുടങ്ങി. സങ്കടങ്ങളിൽ നിന്ന് കരകയറാൻ സുഷമ നല്ലവരുടെ സഹായം തേടുന്നു.
കുഞ്ഞുമുറിയിൽ ഒരു പായയിൽ മാത്രമാണ് മകളുടെ ജീവിതമെന്ന് സുഷമ പറയുന്നു. വീൽ ചെയർ കിട്ടിയെങ്കിലും അതിൽ ഒന്ന് ഇരുത്തി അൽപമൊന്ന് നീങ്ങാൻ പോലും വീടിനുള്ളിൽ സ്ഥലമില്ല. അമ്മുവിനെ മുറ്റത്തേക്ക് ഇറക്കാൻ പറ്റില്ല. ആകെയൊരു പായ മാത്രം ഇടാൻ സ്ഥലമുള്ള സ്ഥലത്ത് ഒരു വീൽ ചെയർ കൂടി ഇടാൻ നിർവാഹമില്ലെന്ന് സങ്കടത്തോടെ സുഷമ പറയുമ്പോൾ ഒന്നും മനസിലാവാതെ അമ്മു ചേർന്നിരിക്കുകയാണ്.
ദിവസം പത്തിലധികം തവണ അപസ്മാരം വന്ന് അമ്മു നിലത്ത് വീഴും. ശരീരത്തിലെല്ലാം മുറിവിന്റെ പാടുകളാണ്. മുഖത്ത് പല തവണ തുന്നലിട്ട അടയാളങ്ങൾ കാണാം. പല്ലുകൾ ഒടിഞ്ഞു പോയതും അങ്ങനെ തന്നെ. അമ്മുവിന് അനങ്ങാൻ ഇടമില്ല. സങ്കടങ്ങൾക്ക് മാത്രം മുറികളുണ്ട് സുഷമയുടെ വാടകവീട്ടിൽ. കരഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ ദൈവം തന്നതല്ലേ എന്ന് മാത്രം പറയും സുഷമ.
ഭർത്താവ് മരപ്പണിക്കിടെ പരിക്കേറ്റ് കിടപ്പാണ്. വീട് പോറ്റാൻ സുഷമ അടുത്തുള്ള സ്കൂളിൽ പാചകത്തിന് പോകുമായിരുന്നു. അമ്മുവിനെ അപ്പോൾ അമ്മൂമ്മയായിരുന്നു നോക്കുന്നത്. ഇപ്പോൾ സ്കൂൾ അടച്ചതോടെ വരുമാനം നിന്നു. മകളുടെ ചികിത്സയ്ക്ക് എടുത്ത ലക്ഷങ്ങളുടെ കടവും പാതിയിൽ നിർമാണം നിലച്ച ലൈഫ് വീടുമായി ഇരുട്ടിലാണ് സുഷമ.
17 ലക്ഷത്തോളം രൂപയാണ് അമ്മുവിനെ ചികിത്സിക്കാൻ ചെലവാക്കിയത്. സുമനസുകളാണ് സ്ഥലം വാങ്ങി വീടുപണി തുടങ്ങിയത്. അത് പാതിവഴിയിൽ നിലച്ചുപോയി. സ്വന്തമായി ഒരു വീടുണ്ടായിരുന്നെങ്കിൽ വെളിച്ചം കാണുന്ന ഒരു സ്ഥലത്ത് അമ്മുവിനെ ഒന്നിരുത്താമെന്നത് മാത്രമാണ് ഇവരുടെ ആഗ്രഹം. ആഹാരം കഴിച്ചോ ഇല്ലേ എന്നൊന്നും നമ്മൾ പറഞ്ഞില്ലെങ്കിൽ ആരും അറിയില്ലല്ലോ എന്ന് പറയുമ്പോൾ സുഷമയുടെ തൊണ്ടയിടറുന്നു. കണ്ണീര് ചോർന്നൊലിക്കാത്ത വീടായാൽ അമ്മയ്ക്കും അമ്മുവിനും വെളിച്ചമായി മാറും.
സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ
സുഷമ സുരേഷ്
ഗൂഗിൾപേ നമ്പർ: 9645921619
ബാങ്ക് അക്കൗണ്ട് നമ്പർ: 40419100009656
IFSC: KLGB0040419
കേരള ഗ്രാമീൺ ബാങ്ക്,
പാലവയൽ ബ്രാഞ്ച്
Last Updated May 13, 2024, 10:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]