
ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം; സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും, വിഷുക്കണിക്ക് ഒരുങ്ങി ഗുരുവായൂർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ മേടപ്പുലരിയിൽ കണ്ണനെ കണികാണാന് അമ്പലനടയിലേക്ക് ഭക്തരുടെ ഒഴുക്ക്. വിഷുപുലരിൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. – ഈസ്റ്റർ അവധി പ്രമാണിച്ച് 12–ാം തീയതി മുതൽ 20–ാം തീയതി വരെ ക്ഷേത്രത്തിൽ ദർശനത്തിനു നിയന്ത്രണമുണ്ട്. ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂരിലെ ദർശനം. ഇന്ന് രാത്രി മുതൽ കണ്ണനെ കാണാൻ ആളുകൾ വരിയിൽ ഇടംപിടിക്കും.
രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം, സ്പെഷൽ ദർശനം എന്നിവ അനുവദിക്കില്ല. കണ്ണനെ കാണാൻ ക്യൂ നിൽക്കുന്നവർക്കാണ് പ്രഥമ പരിഗണന. 11 മണി വരെ ക്യൂ നിൽക്കുന്നവർക്കാണ് ദർശനത്തിനു അവസരമുണ്ടാകുക. പുലർച്ചെ മൂന്നിനു നിർമാല്യത്തോടെ തുറക്കുന്ന നട ഉച്ചയ്ക്ക് രണ്ടു മണിക്ക് അടയ്ക്കും. വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. ശേഷം വൈകിട്ട് 6.15 വരെ ദർശനത്തിനു അവസരമുണ്ടാകും.
ക്ഷേത്ര ശ്രീലകത്ത് ഇന്നു രാത്രി കീഴ്ശാന്തിക്കാർ ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, മുല്ലപ്പൂവ്, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണ്യം എന്നീ കണിക്കോപ്പുകൾ ഒരുക്കി വയ്ക്കും. ശ്രീലകത്ത് ഗുരുവായൂരപ്പന്റെ വലതു ഭാഗത്ത് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിച്ച സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും ഭക്തർക്ക് കണി കാണാം. ശ്രീകോവിലിനു പുറത്ത് നമസ്കാര മണ്ഡപത്തിലും കണി ഒരുക്കുന്നുണ്ട്.
മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനു ശേഷം കുളിച്ച് ശ്രീലകവാതിൽ തുറക്കും. നാളികേരമുടച്ച് തിരിയിട്ട് കത്തിച്ച് കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകും. തുടർന്ന് ഭക്തർക്ക് കണ്ണനെ തൊഴുതു കണി കാണാം. കണി കണ്ടവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും.
വിഷു നാളിൽ നാലു കറികളും ഇടിച്ചു പിഴിഞ്ഞ പായസവുമായി ഉച്ചനിവേദ്യത്തിന് ഗുരുവായൂരപ്പന് നമസ്കാര സദ്യ വിശേഷമാണ്. ലണ്ടനിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ അന്തരിച്ച തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ വകയായി നാളെ വിഷു വിളക്ക് ആഘോഷിക്കും.
കാലത്തും ഉച്ച കഴിഞ്ഞും പെരുവനം സതീശൻ മാരാരുടെ മേളത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശൻ, പേരാമംഗലം ശ്രീക്കുട്ടൻ മാരാർ എന്നിവരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ്.
ഔട്ടർ റിങ് റോഡിലും ഇന്നർ റിങ് റോഡിലും പൊലീസ് വൺവേ സംവിധാനം ഏർപ്പെടുത്തി. വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് വർധിക്കുന്നതിനു അനുസരിച്ച് ഗതാഗത നിയന്ത്രണത്തിൽ പൊലീസ് മാറ്റം വരുത്തും.