
ബെംഗ്ളൂരു: കർണാടകത്തിൽ നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ ഹെഡ് കോൺസ്റ്റബിൾ ബസവരാജുവിന്റെ മൊഴി പുറത്ത്. എയർപോർട്ടിൽ നിന്ന് രന്യയെ പുറത്തേക്ക് കൊണ്ട് വന്നത് ഡിജിപിയുടെ നിർദേശപ്രകാരമാണെന്ന ബസവരാജുവിന്റെ മൊഴിയാണ് പുറത്ത് വന്നത്. രന്യയുടെ രണ്ടാനച്ഛനാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ രാമചന്ദ്രറാവു. തനിക്ക് സ്വർണക്കടത്ത് കേസിൽ യാതൊരു ബന്ധവുമില്ലെന്നും ബസവരാജു മൊഴി നൽകിയിട്ടുണ്ട്. രാമചന്ദ്രറാവു കേസിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയോ എന്നതിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.
അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയർപോർട്ടിൽ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് മൊഴി ലഭിച്ച സാഹചര്യത്തിൽ രാമചന്ദ്രറാവുവും കുടുങ്ങിയേക്കും. എയർപോർട്ട് പോലീസിന്റെ സുരക്ഷയിൽ ദേഹപരിശോധന ഒഴിവാക്കി രന്യ പുറത്ത് വരുന്ന സിസിടിവി ദൃശ്യങ്ങൾ ഡിആർഐക്ക് കിട്ടിയിരുന്നു. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. എന്നാൽ രന്യ നടത്തിയ നിയമ വിരുദ്ധ ഇടപാടുകളിൽ തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് നേരത്തെ രാമചന്ദ്ര റാവു പറഞ്ഞിരുന്നത്. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് രന്യ റാവു. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോർപ്പറേഷന്റെ ചുമതല വഹിക്കുന്ന ഡിജിപിയാണ് രാമചന്ദ്ര റാവു.
സ്വർണക്കടത്ത് കേസിലും മാധ്യമ നിരോധന ഉത്തരവ്
രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ വാർത്തകൾക്ക് കൂച്ചുവിലങ്ങിട്ട് കോടതി. രന്യയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ബെംഗളുരു സിറ്റി സിവിൽ കോടതി ഉത്തരവിട്ടു. രന്യയുടെ അമ്മ എച്ച് പി ഹരിണി നൽകിയ ഹർജിയിലാണ് ഉത്തരവ്. പല മാധ്യമങ്ങളും രന്യയെ അപമാനിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്നെന്ന് ഹർജിയിൽ അപകീർത്തികരമായ പരാമർശങ്ങളുള്ള വാർത്തകൾ പാടില്ലെന്നാണ് നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]