
അഞ്ച് കിരീടങ്ങളുടെ പ്രതാപത്തിന്റെ കഥ പറയാനുണ്ട് മുംബൈ ഇന്ത്യൻസിന്. പക്ഷേ, 2025ല്‍ നിന്ന് പിന്നോട്ട് നോക്കുമ്പോള്‍ നരകതുല്യമായിപ്പോയ സീസണുകള്‍ അവരെ വേട്ടയാടുന്നുണ്ട്. അത് ഒന്നല്ല, രണ്ട് തവണ. 2022ലും 2024ലും പോയിന്റ് പട്ടികയുടെ അടിത്തട്ടിലായിരുന്നു ദൈവത്തിന്റെ പോരാളികളുടെ സ്ഥാനം. ഇപ്രാവശ്യം പേപ്പറില്‍ കാര്യങ്ങള്‍ ഭദ്രമാണ്, നാല് വര്‍ഷമായി നീളുന്ന കിരീടവരള്‍ച്ചയ്ക്ക് പരിഹാരം കാണാൻ പോന്ന തലപ്പൊക്കമുള്ള ഒരുപിടി താരങ്ങളുമുണ്ട്.
ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകളെയെല്ലാം ഒരു കുടക്കീഴിലെത്തിക്കാൻ മാനേജ്മെന്റിന് സാധിച്ചുവെന്നത് തന്നെയാണ് മുംബൈയുടെ ശക്തി. ഓക്ഷനില്‍ അതിനായി കാത്തിരുന്നും കരുതലോടെയുമായിരുന്നു മാനേജ്മെന്റ് നീക്കങ്ങള്‍ നടത്തിയത്. രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തുക ദക്ഷിണാഫ്രിക്കൻ താരം റിയാൻ റിക്കല്ട്ടണായിരിക്കും.
ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗില്‍ മുംബൈ കേപ് ടൗണിന്റെ താരമായ റിക്കല്ട്ടണ് 162 പ്രഹരശേഷിയിലാണ് ബാറ്റുവീശുന്നത്. 44 ശരാശരിയില്‍ ആയിരത്തിലധികം റണ്‍സ് നേടിയിട്ടുള്ള റിക്കല്ട്ടണ് ഇഷാൻ കിഷന്റെ അഭാവം മറയ്ക്കാൻ പോന്ന താരമാണ്.
സൂര്യകുമാര്‍ യാദവും യങ് സെൻസേഷനുകളായ തിലക് വര്‍മയും നമൻ ധീറും അടങ്ങുന്ന മധ്യനിര ഹൈലി എക്സ്പ്ലോസീവാണെന്ന് തന്നെ പറയാം. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ദേശീയ ടീമിലും ഐപിഎല്ലിലും സ്ഥിരതയോടെ ബാറ്റ് വീശുന്ന താരമാണ് തിലക്. മങ്ങിയ ഫോമില്‍ നിന്ന് തിരിച്ചുവരാൻ സൂര്യകുമാറിനും കഴിയേണ്ടതുണ്ട്.
20 ലക്ഷത്തിന് 2024 മിനി ലേലത്തിലായിരുന്നു നമൻ മുംബൈയിലെത്തിയത്, ഇത്തവണ അഞ്ചേകാല്‍ കോടി രൂപയിലേക്ക് ഉയര്‍ത്താനായി നമന്‍ തന്റെ മൂല്യം. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങാൻ നമന്‍ സാധിച്ചാല്‍ അചഞ്ചലമായിരിക്കും മുംബൈയുടെ മധ്യനിര.
ഹാര്‍ദിക്ക് പാണ്ഡ്യ എന്ന നായകന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് നല്കുന്ന അതെ സന്തുലിത മുംബൈക്കും സമ്മാനിക്കുന്നു. ഹാര്‍ദിക്കിന്റെ ഹൈ സ്കോറിങ് എബിലിറ്റിയും ന്യൂബോളെറിയാനുള്ള മികവും കാര്യങ്ങള്‍ എളുപ്പമാക്കും.
കഴിഞ്ഞ സീസണുകളിലെല്ലാം മുംബൈയുടെ തിരിച്ചടികള്‍ക്ക് ഒരു കാരണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ദുര്‍ബലമായ ബൗളിങ് നിരയായിരുന്നു. ബുംറയുടെ അഭാവം, ബുംറയുടെ കൂട്ടാളിയായി എത്തിയവരുടെ പരാജയം, മികച്ച സ്പിന്നറുടെ പോരായ്മ…അങ്ങനെ നീളുന്നു കാര്യങ്ങള്‍.
ട്രെന്റ് ബോള്‍ട്ടെന്ന പവര്‍പ്ലെ മാസ്റ്ററിനെ തിരിച്ചെത്തിച്ചതായിരുന്നു മുംബൈയുടെ ഏറ്റവും വലിയ നീക്കം. ഒപ്പം ദീപക് ചഹറും. ബുംറയെന്ന എക്സ് ഫാക്ടറിനോട് ബോള്‍ട്ടും ചഹറും ചേരുമ്പോള്‍ ആദ്യ പന്തുമുതല്‍ അവസാന ഓവറുകള്‍ വരെ എതിര് ബാറ്റിങ് നിരയ്ക്ക് ക്രീസ് ഒരു ദുസ്വപ്നമായിരിക്കും. ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ മാത്രം 63 വിക്കറ്റ് കിവി പേസറുടെ പേരിലുണ്ട്, ഡെത്ത് ഓവറില്‍ 72 വിക്കുമായി ബുംറയും. ബാറ്റിങ് കൈമുതലായ സാന്റ്നറിനായിരിക്കും സ്പിന്നര്‍മാരില്‍ മുകളില്‍ പരിഗണന. വിക്കറ്റിന്റെ സ്വഭാവമനുസരിച്ച് രണ്ട് പേരെയും ഉള്‍പ്പെടുത്താമെന്ന ലക്ഷ്വറി ഹാര്‍ദിക്കിന്റെ സാന്നിധ്യംകൊണ്ട് സാധിക്കും.
ശക്തിയെന്ന് എടുത്തുകാണിക്കപ്പെടുന്നത് തന്നെയാണ് മുംബൈയുടെ ദൗര്ബല്യമാകുന്നതും. മാര്‍ക്യു താരങ്ങള്‍ക്ക് പരുക്ക് പറ്റുകയോ അല്ലെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ പിന്മാറേണ്ടി വരികയോ ചെയ്താല്‍ ടീമിന്റെ സന്തുലിതാവസ്ഥ തകിടം മറിയും. ബെഞ്ച് സ്ട്രെങ്ത് ഇല്ലായ്മ തന്നെയാണ് കാര്യം. വില്‍ ജാക്സിനെ മാറ്റിനിര്‍ത്തിയാല്‍, ബാറ്റിങ് നിരയില്‍ പരിചയസമ്പന്നനായി ഒരു പകരക്കാരനില്ല, ബൗളിങ്ങില്‍ റീസ് ടോപ്ലിയും മാത്രം. യുവതാരങ്ങളുടേയും അണ്‍ക്യാപ്ഡ് താരങ്ങളുടേയും എക്സ്പോഷര്‍ കുറവും മുംബൈയുടെ നെഗറ്റീവുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇതിനെല്ലാം അപ്പുറം മുംബൈയെ വാംഖഡയില്‍ കാത്തിരിക്കുന്ന ചിലതുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദപരമായ സീസണായിരുന്നു മുംബൈക്ക് 2024. ഹാര്‍ദിക്കിന്റെ വരവും രോഹിതിന്റെ നായകസ്ഥാനം തെറിച്ചതുമെല്ലാം ആരാധകരെ ചൊടിപ്പിച്ചതിന് കണക്കില്ല. ട്വന്റി 20 ലോകകപ്പ് നേട്ടത്തിലെ നിര്‍ണായക പങ്ക് ഹാര്‍ദിക്കിനോടുള്ള വെറുപ്പ് കുറച്ചിട്ടുണ്ടായിരുന്നു, ചാമ്പ്യൻസ് ട്രോഫിയും സഹായിക്കും.
എന്നാല്‍, 2025ലും മുംബൈയുടെ പ്രകടനം താഴോട്ടാണെങ്കില്‍ വാംഖഡയിലെ ഗ്യാലറികളില്‍ നിന്ന് ഹാര്‍ദിക്കിനെതിരെ ശബ്ദമുയരില്ലെന്ന് പറയാനാകില്ല, പ്രത്യേകിച്ചും രോഹിത് നായകനെന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ കീഴടക്കുമ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]