തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൃശൂർ സെന്റ് ക്ളയേഴ്സ് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ്.
റിസർവോയറിൽ വീണ പട്ടിക്കാട് ചുങ്കത്ത് വീട്ടിൽ അലീന (16) ഇന്നലെ അർദ്ധരാത്രിയോടെ മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഇരുവരും പ്ളസ് വൺ വിദ്യാർത്ഥിനിളാണ്. പീച്ചി സ്വദേശിനി നിമ (16) അപകടനില തരണം ചെയ്തു. നിമ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്.
പീച്ചി ഡാമിന്റെ ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടമുണ്ടായത്. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീഴുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ടുപേർ കൂടി പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള പീച്ചി ഡാം റിസർവോയറിന്റെ ആഴമുള്ള ഭാഗത്തേക്ക് വീഴുകയുമായിരുന്നു.
നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപെട്ട മൂന്നുപേർ. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നുപേർ അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു മൂവരും. ആശുപത്രിയിലെത്തിയ മന്ത്രി കെ.രാജൻ എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. പ്രത്യേക മെഡിക്കൽ ടീമും രൂപീകരിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് പ്രത്യേക സംഘവും ആശുപത്രിയിലെത്തിയിട്ടുണ്ട്.