
.news-body p a {width: auto;float: none;}
കൊച്ചി: നൂറു രൂപയുടെ മുദ്രപ്പത്രത്തിനായി രണ്ട് ദിവസത്തെ മെനക്കേടും യാത്രാച്ചെലവും. ഗതികെട്ട് ആയിരം രൂപയുടെ മുദ്രപ്പത്രം വാങ്ങുകയാണ് ആവശ്യക്കാർ. ചെറിയ തുകയുടെ മുദ്രപ്പത്രവും ഇസ്റ്റാമ്പിലാക്കിയതോടെ ആവശ്യക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലയറല്ല. വെണ്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ രാവിലെ മുതൽ ക്യൂ തുടങ്ങും. വിവരങ്ങൾ നൽകാൻ ഒരു ദിവസം, ഇ-സ്റ്റാമ്പിംഗ് പൂർത്തിയാക്കാൻ അടുത്ത ദിവസം. ഇതാണവസ്ഥ.
ഇ-സ്റ്റാമ്പിലൂടെ ചെറിയ മുദ്രപ്പത്രങ്ങൾ ലഭിക്കുക എളുപ്പമല്ലെങ്കിലും മിക്കവാറും വെണ്ടർമാരുടെ പക്കൽ 1000 രൂപാ പത്രങ്ങൾ സുലഭമാണ്. ട്രഷറികളിലും ആവശ്യത്തിലേറെ സ്റ്റോക്കുണ്ടെന്ന് അറിയുന്നു. ഇസ്റ്റാമ്പ് പ്രതിസന്ധിയിലായതോടെ സർക്കാരിനാണ് ഈ കച്ചവടത്തിൽ ലാഭം. വെറുതേയിരിക്കുന്ന ആയിരം രൂപാ പത്രങ്ങൾ വിറ്റഴിയുന്നതിലൂടെ കോടികൾ ഖജനാവിലെത്തും. ഇടുക്കിയിലും മറ്റും വെണ്ടർമാരുടെ പക്കൽ ചെറിയ തുകയ്ക്കുള്ള പഴയ മുദ്രപ്പത്രങ്ങളും ലഭ്യമാണ്.
വെണ്ടർമാരിൽ ഭൂരിപക്ഷവും പ്രായമുള്ളവരാണ്. ഓൺലൈൻ ഏർപ്പാടുകൾ പരിചിതവുമല്ല, പ്രിയപ്പെട്ടതുമല്ല. നെറ്റ് വർക്ക് പ്രശ്നങ്ങളും ഒ.ടി.പി. കൈകാര്യം ചെയ്യലുമൊക്കെ ഇവരുടെ തലവേദനകളാണ്. ഒരു ലക്ഷം രൂപ വരെയുളള മുദ്രപ്പത്രങ്ങളാണ് വെണ്ടർമാർ വിതരണം ചെയ്യുന്നത്. ആയിരം രൂപവരെ 4 ശതമാനവും ഒരു ലക്ഷം വരെ 2 ശതമാനവുമാണ് കമ്മിഷൻ. ആധാരാവശ്യത്തിനുള്ള വലിയ തുകയ്ക്കുളളത് ആധാരമെഴുത്തുകാർക്കും വക്കീലന്മാർക്കും ഓൺലൈനായി ഇസ്റ്റാമ്പായി നേരിട്ട് വാങ്ങാം.
ആവശ്യക്കാരും അവർ ആദ്യം സമീപിക്കുന്ന ആധാരമെഴുത്തുകാരും വെണ്ടർമാരും അനുഭവിക്കുന്ന കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല. നേരത്തേ വെണ്ടർമാരിൽ നിന്ന് സ്വന്തം പേരിൽ മുദ്രപ്പത്രങ്ങൾ വാങ്ങി സൂക്ഷിക്കാമായിരുന്നു. ഇപ്പോൾ മുദ്രപ്പത്രം എന്ത് ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തുകയും അതനുസരിച്ചുള്ള കോഡിൽ വെണ്ടർക്ക് അപ്പ്ലോഡ് ചെയ്യുകയും വേണം.
ഒന്നാം കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ നൽകി ഒ.ടി.പിക്കായി കാത്തു നിൽക്കണം. 50,100, 200, 500 രൂപയുടെ മുദ്രപത്രങ്ങളാണ് ഇ-സ്റ്റാമ്പിലേക്ക് മാറി സ്റ്റാമ്പ് വെണ്ടർമാർ വഴി മാത്രമാക്കിയത്. വാടക കരാർ, പണയ കരാർ, വസ്തുവിൽപ്പന കരാർ, ലൈസൻസ് കരാറുകൾ, സത്യവാങ്മൂലം, ജനനമരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്കാണ് ഉപയോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രശ്നം ഇന്റർനെറ്റ് തകരാറുകളും സ്പീഡ് കുറവും വെബ് സൈറ്റ് ഡൗണാകലുമാണ്. ഇവ പരിഹരിച്ചാൽ ആവശ്യക്കാരുടെ ബുദ്ധിമുട്ടുകൾ തീരും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
കെ.ശ്രീനിവാസൻ,
ജില്ലാ പ്രസിഡന്റ്,
കേരള സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ