
.news-body p a {width: auto;float: none;} കൊല്ലം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന്റെ പേരിൽ നിലവിൽ സസ്പെൻഷൻ നേരിടുകയാണ് അദ്ദേഹം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുത്തത്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആണ് ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്.
സമൂഹത്തിൽ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. സർവീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെ പരാതിയിൽ പരാമർശിക്കുന്നുണ്ട്.
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിഷയത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഗ്രൂപ്പിൽ ഉൾപ്പെട്ട
ഏതെങ്കിലും ഉദ്യോഗസ്ഥൻ പരാതിപ്പെട്ടാൽ മാത്രമേ നിയമനടപടിക്ക് സാദ്ധ്യതയുള്ളൂവെന്നാണ് പൊലീസ് വിശദമാക്കിയത്. ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത്.
വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതി നൽകിയത്. ഫോൺ ഹാക്ക്ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
എന്നാൽ ഗോപാലകൃഷ്ണന്റെ പ്രവർത്തികൾ സംശയാസ്പദമാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്താണ് ഗോപാലകൃഷ്ണൻ പൊലീസിന് നൽകിയത്.
ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പ് രൂപീകരിച്ചതെന്ന് പൊലീസിനെ ഗൂഗിളും അറിയിച്ചിരുന്നു. ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ പി വിലാസം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും വിവരം നൽകി.
ഇതോടെ ഗോപാലകൃഷ്ണൻ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് നേരത്തെ വാട്സാപ്പും പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]