ഉഡുപ്പി: സ്ത്രീയേയും മക്കളേയും ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയിൽ. ഉഡുപ്പിയിലാണ് സംഭവം. കർണാടകയിലെ ബ്രഹ്മവാറിലാണ് മലയാളിയായ 45കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കൊല്ലം സ്വദേശിയും 45കാരനുമായ ബിജു മോഹൻ എന്നയാളാണ് ഉഡുപ്പിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.
ഏറെക്കാലമായി ബ്രഹ്മവാറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ ചേർകാഡിയിൽ അപരിചിതൻ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് കൊല്ലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സഹോദനാണ് ഇയാളെ പൊലീസിന് പിടിച്ച് നൽകിയത്. ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിയെ കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ സ്റ്റേഷനിലേക്ക് എത്തിക്കുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പുലർച്ചെ 3.45ഓടെ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പാറാവ് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തല ഭിത്തിയിലേക്ക് താങ്ങി വച്ച് ഇരിക്കുന്ന നിലയിൽ കണ്ടെത്തിയ 45കാരന് അനക്കമില്ലെന്ന് കണ്ടെത്തിയതോടെ പൊലീസുകാർ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജുവിന്റെ കുടുംബത്തെ വിവരം അറിയിച്ചതായും സംഭവത്തിൽ ലോക്ക് അപ് മരണത്തിൽ കേസ് എടുത്തതായും ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ വിശദമാക്കി. സംഭവം സിഐഡി അന്വേഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് വിശദമാക്കി. ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തുമെന്നും എസ്പി വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]