
നെടുങ്കണ്ടം: നെടുങ്കണ്ടം, കമ്പംമെട്ട്, കമ്പം അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് നെടുങ്കണ്ടം – കമ്പം പാതയിൽ തമിഴ്നാടിന്റെ പ്രദേശത്ത് ശാസ്തവളവ് ഭാഗത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ കഴിഞ്ഞദിവസം രാത്രിയിൽ ശക്തമായ മഴയാണ് പെയ്തത്. മണ്ണും പാറ കഷണങ്ങളും റോഡിലേക്ക് പതിച്ച് റോഡിന് കേടുപാടുകളും സംഭവിച്ചു.
തമിഴ്നാട്ടിൽ നിന്നും ഫയർഫോഴ്സ് എത്തി അഞ്ച് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചിട്ടുള്ളത്. ചെറു വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ഭാരവാഹനങ്ങൾ രണ്ടുദിവസത്തേക്ക് പാതയിലൂടെ നിരോധിച്ചതായി തമിഴ്നാട് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. അപകടാവസ്ഥയിൽ വൻ പാറക്കഷണം നിലനിൽക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചരക്ക് വാഹനങ്ങൾ നിലവിൽ കുമളി വഴിയാണ് കടന്ന് പോകുന്നത്.
ഇന്ന് പുലർച്ചെ മുതൽ അടച്ചിട്ട കമ്പംമെട്ട് ചെക്ക് പോസ്റ്റ് ചെറു വാഹനങ്ങൾക്കായ് തുറന്നുകൊടുത്തിട്ടുണ്ട്. ഇന്ന് ദീപാവലിയായതിനാൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുവാനുള്ള നിരവധി ആളുകളാണ് വഴിയിൽ കുടുങ്ങിയത്. ശബരിമലയ്ക്ക് പോകുവാൻ അന്യസംസ്ഥാനത്തുനിന്നും ഉള്ള ഭക്തർ കുമളിക്ക് പുറമേ ആശ്രയിക്കുന്ന പാത കൂടിയാണ് കമ്പംമെട്ട് – കമ്പം പാത.
മണ്ഡലകാല സീസൺ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയുണ്ടായ ഗതാഗത തടസ്സം അടിയന്തരമായി നീക്കുവാനാണ് തമിഴ്നാട് പൊതുമരാമത്ത് അധികൃതരും ശ്രമിക്കുന്നത്. ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതര് വിശദമാക്കി.
Last Updated Nov 12, 2023, 2:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]