കൊല്ലം ചിതറയിൽ വാടക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താമസിച്ചുവന്ന വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിൽ വീട്ടുയുടമകൾക്കെതിരെ പൊലീസ് കേസെടുത്തു.
ചിതറ മാങ്കോട് സ്വദേശികളായ ദിൽബർ, അൻവർ എന്നിവർക്കെതിരെയാണ് ചിതറ പൊലീസ് കേസെി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതാണ് ഈ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്നും, വ്യാജ പരാതി നൽകി ഉടമകൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചിതറ സ്വദേശികളായ അബ്ദുൾ വാഹിദും ഭാര്യ സുഹറ ബീവിയും വർഷങ്ങളായി താമസിച്ചിരുന്ന വാടക കെട്ടിടമാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ജെസിബി ഉപയോഗിച്ച് പൂർണമായും തകർത്തത്. സുഹറ ബീവി തന്നെ അസഭ്യം പറഞ്ഞു എന്നാരോപിച്ച് ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദമ്പതികളെ ചിതറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നതിനിടയിലായിരുന്നു ഈ അതിക്രമം അരങ്ങേറിയത്.
വാടക തർക്കത്തിനൊടുവിൽ ഇത്തരത്തിൽ വീട് തകർത്തത് ദമ്പതികളെ പെരുവഴിയിലാക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. മാസങ്ങളായി ഇരുവിഭാഗങ്ങൾക്കിടയിൽ വാടക സംബന്ധമായ തർക്കങ്ങളും കെട്ടിടം ഒഴിയണമെന്ന ആവശ്യവും നിലനിന്നിരുന്നു.
എന്നാൽ കെട്ടിടത്തിനകത്ത് തങ്ങൾ ചെലവഴിച്ച തുക തിരികെ നൽകിയാൽ മാത്രമേ വീടൊഴിയൂ എന്ന നിലപാടിലായിരുന്നു താമസക്കാർ. ഈ തർക്കം കോടതിയിലെത്തുകയും വിധി ഉടമകൾക്ക് അനുകൂലമാകുകയും ചെയ്തിരുന്നു.
തുടർന്ന് താമസക്കാർ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഇതിനിടയിലാണ് നിയമപരമായ നടപടികൾ കാത്തുനിൽക്കാതെ ഉടമകൾ ക്രൂരമായ നടപടിയിലേക്ക് കടന്നത്.
ദമ്പതികളുടെ കിടപ്പാടം പൂർണ്ണമായി ഇല്ലാതാക്കിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ചിതറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭവനരഹിതരായ ഈ കുടുംബത്തിന് താൽക്കാലികമായി അന്തിയുറങ്ങാനുള്ള സൗകര്യം ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

