

നിർമ്മാണത്തിലിരിക്കുന്ന വീട്ടില്‍ കയറി പെയിന്റ് ഒഴിച്ചു, ഇലക്ട്രിക് വയറുകളും എല്‍.ഇ.ഡി ലൈറ്റുകളും മോഷ്ടിച്ചു ; സംഭവത്തില്‍ ആറ് പേർ പിടിയിൽ ; പ്രതികളെ കുടുക്കിയത് സംഭവസ്ഥലത്തും ഒളിത്താവളത്തിലും എഴുതിയ അശ്ലീല വാക്കുകള്‍
സ്വന്തം ലേഖകൻ
വിഴിഞ്ഞം: നിർമ്മാണത്തിലിരിക്കുന്ന വീട്ടില്‍ക്കയറി മുറികളിലും തറയിലും പെയിന്റൊഴിച്ച ശേഷം അശ്ലീലച്ചുവയുള്ള വാക്കുകള്‍ എഴുതുകയും ഇലക്ട്രിക് വയറുകളും എല്‍.ഇ.ഡി ലൈറ്റുകളും മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് പ്രതികള്‍ പിടിയില്‍.
വിഴിഞ്ഞം ടൗണ്‍ഷിപ്പ്, വിഴിഞ്ഞം കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള നജുമുദീൻ(20), ഹാഷിം(21) കോട്ടപ്പുറം ചരുവിള സ്വദേശി ഷാലോ(21), മജീദ്( 24),മാഹീൻ(24), ഇസ്മയില്‍(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 2ന് രാത്രി 1.30ഓടെയാണ് സംഭവം. വിഴിഞ്ഞം ആശുപത്രിറോഡില്‍ മണക്കാട് ആറ്റുകാല്‍ സ്വദേശി പദ്മരാജന്റെ പുതിയ വീട്ടിലാണ് അതിക്രമം നടന്നത്.
ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പണത്തിനായി ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിക്കാനാണ് ഇവർ എത്തിയത്. എന്നാല്‍, ഏകദേശം വയറിംഗ് പൂർത്തിയായതിനാല്‍ പ്രതീക്ഷിച്ചത്ര വയറുകള്‍ ലഭിച്ചില്ല. ഇതില്‍ പ്രകോപിതരായാണ് അതിക്രമം നടത്തിയത്.
വീട്ടുടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരവെ, വിഴിഞ്ഞം ടൗണ്‍ഷിപ്പിലുള്ള ആരിഫാ ബീവിയുടെ കടകുത്തിത്തുറന്ന് മോഷണം നടത്തിയെന്ന പരാതിയും ലഭിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് ഇവരുടെ ഒളിത്താവളത്തില്‍ എത്തിയപ്പോഴാണ് പെയിന്റ് ഒഴിച്ചു കേടാക്കിയ വീട്ടിലെഴുതിയ അതേ അശ്ലീല വാക്കുകള്‍ ഇവിടെയും ശ്രദ്ധയില്‍പ്പെട്ടത്. പ്രതികളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിച്ചു.
രണ്ട് സ്ഥലത്തും അശ്ലീലച്ചുവയുള്ള വാക്കുകള്‍ എഴുതിയത് ഷാലോ ആണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വയറുകള്‍ കത്തിച്ച് അതിലെ ലോഹ വസ്തുക്കള്‍ വിറ്റ് പണംവാങ്ങിയെന്നും പ്രതികള്‍ മൊഴി നല്കി. പ്രതികളെ ഇന്നലെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
കോടതയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ. ആർ.ജയപ്രകാശ്, എസ്.ഐ എം.പ്രശാന്ത്, ഗ്രേഡ് എസ്.ഐ. ഗിരീഷ് ചന്ദ്രൻ,സീനിയർ സി.പി.ഒ.മാരായ സുജിത, സാബു, സി.പി.ഒ മാരായ പി.വി രാമു, അരുണ്‍ പി. മണി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]