
സോഷ്യൽ മീഡിയ നമ്മെ ഒറ്റിക്കൊടുക്കുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണ്. ശരിയല്ലേ? നമ്മളെങ്ങോട്ട് പോകുന്നു, എന്ത് കഴിക്കുന്നു, നമുക്ക് എന്താണിഷ്ടം തുടങ്ങി സകല കാര്യങ്ങളും ഇന്ന് പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഇത്തരം വെളിപ്പെടുത്തലുകൾക്ക് ചിലപ്പോൾ നമുക്ക് എട്ടിന്റെ പണി തരാനുള്ള കഴിവ് കാണും. എന്തായാലും ഈ മയക്കുമരുന്ന് മാഫിയാ തലവന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്.
രണ്ട് വർഷത്തോളമായി പൊലീസിൽ നിന്നും മുങ്ങിനടക്കുന്ന ബ്രസീലിയൻ മയക്കുമരുന്ന് തലവനായ റൊണാൾഡ് റോളണ്ടിനെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റാണത്രെ ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഭർത്താവിന്റെ സമ്പത്തിനെ പുകഴ്ത്തി ഇവരിട്ട പോസ്റ്റുകൾ എന്തായാലും വിനയായത് റോളണ്ടിനാണ്.
എന്നാൽ, ഇമ്മാതിരി ഒരു ദുരന്തം ഇയാളുടെ കാര്യത്തിൽ സംഭവിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെയും മുൻഭാര്യയുടെ പോസ്റ്റുകൾ പിന്തുടർന്ന് ഇയാളെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ഭാര്യ താനും റോളണ്ടും എവിടെയാണ് എന്ന് പോസ്റ്റിട്ടതിന് പിന്നാലെയാണ് മുങ്ങി നടക്കുകയായിരുന്ന മയക്കുമരുന്ന് മാഫിയാ തലവനെ അറസ്റ്റ് ചെയ്തത്. മെക്സിക്കോയിലെ മയക്കുമരുന്ന് കാർട്ടലുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റൊണാൾഡ് റോളണ്ട്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900 മില്യൺ ഡോളർ വെളുപ്പിച്ചു. രണ്ട് വർഷമായി ഒളിവിലുമായിരുന്നു.
ഭാര്യ ആൻഡ്രേസ ഡി ലിമ അവർ ഉച്ചഭക്ഷണം കഴിക്കുന്ന ലൊക്കേഷൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതോടെയാണ് ഇയാള് ബ്രസീൽ പൊലീസിന്റെ പിടിയിലായത്. ഡി ലിമയ്ക്ക് ഒരു ബിക്കിനി ഷോപ്പ് ഉണ്ടായിരുന്നു. റോളണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിരുന്ന 100 ബിസിനസ്സുകളിൽ ഒന്നായിരുന്നു ഇത്. ലിമ ഇതുപോലെയുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങൾ അറസ്റ്റിനെ കുറിച്ച് എഴുതുന്നത്.
Last Updated Jul 12, 2024, 3:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]