
എറണാകുളം: വൈപ്പിന്‍ ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തതായി അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. റൂറല്‍ പൊലീസ് മേധാവിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അധ്യക്ഷ പറഞ്ഞു. യുവതി ചികിത്സയില്‍ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയിലെത്തി സഹോദരിയോടും ചികിത്സിക്കുന്ന ഡോക്ടര്‍ രാജീവിനോടും വിശദാംശങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
‘യുവതിക്ക് നിലവില്‍ മികച്ച ചികിത്സയാണു ലഭിക്കുന്നത്. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റതായാണ് ഡോക്ടര്‍ പറഞ്ഞത്. ആന്തരിക രക്തസ്രാവവും ഉണ്ട്. യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് കമ്മിഷന് ആവശ്യപ്പെട്ടതായും അധ്യക്ഷ പറഞ്ഞു. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. വ്യക്തി വിരോധത്തിന്റെ പേരില്‍ ഗുണ്ടാസംഘങ്ങളെ നിയോഗിച്ച് ആസൂത്രിതമായി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണിത്. കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീക്കാണ് ഈ അവസ്ഥയുണ്ടായത്. സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി. ഷൈനി തുടങ്ങിയവരും അധ്യക്ഷയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
Last Updated Jun 12, 2024, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]