
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വിശദീകരണവുമായി അഭിഭാഷകൻ, അവർ ഒരുമിച്ചെടുത്ത തീരുമാനമാണ്, ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്, കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല, സൗന്ദര്യപിണക്കം കൈവിട്ടുപോകുകയായിരുന്നു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ വിശദീകരണവുമായി അഭിഭാഷകൻ.
സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് യുവതി സത്യവാങ്മൂലം തയ്യാറാക്കിയതും നൽകിയതും. അവർ ഒരുമിച്ചെടുത്ത തീരുമാനമാണ്. രണ്ടാഴ്ച മുമ്പാണ് രണ്ടുപേരും തന്റെയടുത്ത് എത്തുന്നതും. അപ്പോൾതന്നെ സ്വന്തം ഇഷ്ടപ്രകാരമാണോ സത്യവാങ്മൂലം നൽകുന്നതെന്ന് ചോദിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
ഒരുമിച്ച് ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ചെറിയൊരു സൗന്ദര്യപിണക്കമായിരുന്നു എന്നും ഇരുവരുടെയും നിയന്ത്രണത്തിൽ നിന്ന് കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നുവെന്നാണ് അവർ പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.
അവർ വലിയ സ്നേഹത്തിലാണ്. അവർ തമ്മിൽ പ്രശ്നമില്ല. യുവതി സമ്മർദ്ദത്തിന് വഴങ്ങിയാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് പറയുന്നത് ശരിയല്ല. കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നാണ് യുവതി പറയുന്നത്. യുവതി നേരിട്ടാണ് വക്കാലത്ത് നൽകിയത്. പരാതിയില്ലെന്നും വീട്ടുകാരുടെയും ചുറ്റുമുള്ളവരുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് പരാതി നൽകിയതെന്നുമാണ് യുവതി പറയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, മകളുടെ തുറന്നുപറച്ചിലിന് പിന്നിൽ ഭർത്താവ് രാഹുലിന്റെ ഭീഷണിയുണ്ടെന്നാണ് നവവധുവിന്റെ പിതാവ് പറവൂർ മാല്യങ്കര സ്വദേശി ഹരിദാസ് ആരോപിക്കുന്നത്. മൊഴിമാറ്റിച്ച് രക്ഷപ്പെടാനാണ് രാഹുലിന്റെ ശ്രമം. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
താൻ സുരക്ഷിതയാണെന്നും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി വധുവിന്റെ രണ്ടാമത്തെ വീഡിയോ തിങ്കളാഴ്ച രാത്രി ഇറങ്ങിയിരുന്നു. രാഹുലിനും കുടുംബത്തിനുമെതിരായ കേസ് വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം 29ന് ഹൈക്കോടതിയിൽ യുവതി നൽകിയ സത്യവാങ്മൂലവും പുറത്തുവന്നു.
മാറി നിന്നതില്‍ ദുരൂഹതയില്ല. മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്. താൻ സുരക്ഷിതയാണെന്നും യുവതി നേരത്തെ വീഡിയോയിൽ അറിയിച്ചിരുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ നിന്നും മാറിനിന്നത് സമ്മർദ്ദം മൂലമാണ്. ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
രാഹുല്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി വീഡിയോ പങ്കുവെച്ചത്. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു.
തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാർ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ പറഞ്ഞത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരൻ രംഗത്തെത്തിയിരുന്നു.
പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടില്‍ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചത്.
തുടർന്ന് സംഭവത്തില്‍ പോലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊർജ്ജിതമായത്. തുടർന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സീനിയർ സിവില്‍ പോലീസ് ഓഫിസർ ശരത്തിന് സസ്പെൻഷനും ലഭിച്ചിരുന്നു.
യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭർത്താവ് രാഹുല്‍ ക്രൂരമായി മർദ്ദിച്ചെന്നും ഫോണ്‍ ചാർജർ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം യുവതി നിഷേധിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]