
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധസേനകൾ സംയുക്തമായി മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് ശേഷം രാജ്യം കനത്ത ജാഗ്രതയിലായതു കൊണ്ടുതന്നെ, രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ ജയിൽ സമുച്ചയങ്ങളിലൊന്നായ തിഹാർ ജയിലിലെയും സുരക്ഷ ശക്തമാക്കുകയായിരുന്നു.
വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾ, കൂടുതൽ സിസിടിവി നിരീക്ഷണം, കർശന നിരീക്ഷണ പ്രോട്ടോക്കോളുകൾ എന്നിവയാണ് അധിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. “അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൂർണമായ സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ മുഴുവൻ സമയ സുരക്ഷാ പരിശോധനയും കൂടുതൽ ശക്തമാക്കി” -ജയിൽ വൃത്തങ്ങൾ അറിയിച്ചു. .
തടവുകാരിൽ തഹാവുർ റാണയും ഛോട്ടാ രാജനും
ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നായ തിഹാർ ജയിലിൽ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവുർ റാണ, ഛോട്ടാ രാജൻ, നീരജ് ബവാന തുടങ്ങിയ നിരവധി കുപ്രസിദ്ധ തടവുകാരുണ്ട്. ഇവരെ പ്രത്യേക ഹൈ റിസ്ക് സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ സെല്ലുകൾ ഇപ്പോൾ കൂടുതൽ കർശനമായ നിരീക്ഷണത്തിലാണ്. ജയിലിൽ നിന്നുള്ള അനധികൃത ആശയവിനിമയം തടയാനുള്ള ശ്രമങ്ങളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. മൊബൈൽ സിഗ്നൽ ജാമറുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുകയും ആവശ്യമായവ നവീകരിക്കുകയും ചെയ്തു.
“ജയിലിലെ അപ്രതീക്ഷിത പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ജയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രശ്ന സാധ്യതയുള്ള ബാരക്കുകളിൽ ദിവസേന കുറഞ്ഞത് മൂന്ന് തവണയെങ്കിലും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. രാത്രിയിൽ ചുമതലയുള്ള ജയിൽ ജീവനക്കാരുടെ വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. തടവുകാരുടെ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തി. ഇതിന് പുറമെ ജയിലിലെ ആഭ്യന്തര ഇന്റലിജൻസ് സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇൻഫോർമർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിഹാർ ജയിൽ അധികൃതരും പുറത്തുള്ള സുരക്ഷാ ഏജൻസികളും തമ്മിലുള്ള ഏകോപനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജയിൽ സുരക്ഷ മറികടന്നുള്ള എന്തെങ്കിലും പ്രവർത്തനം ഉണ്ടാകാതിരിക്കാൻ പൊലീസിന്റെ സ്പെഷ്യൽ സെല്ലുമായും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായും പതിവായി വിവരങ്ങൾ പങ്കിടുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സമഗ്രമായ അവലോകനം നടത്തി സാഹചര്യം വിലയിരുത്തുന്നതു വരെ ഇപ്പോഴത്തെ അധിക സുരക്ഷാ നടപടികൾ തുടരുമെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു. 1958-ൽ സ്ഥാപിതമായ തിഹാർ ജയിൽ സമുച്ചയത്തിന് 400 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുകയാണ്. റോഹിണിയിലെ ഒരു ജയിലും മണ്ഡോളിയിലെ ആറ് ജയിലുകളുമാണ് തിഹാറിൽ ഉൾപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]