
പത്തനംതിട്ട: തന്നെ ആക്രമിച്ച സിപിഎം നേതാക്കളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് മുഖംമൂടി ആക്രമണത്തിന് ഇരയായ സിപിഐ പ്രവർത്തകൻ. പത്തനംതിട്ടയിൽ സിപിഎം വിട്ട് സിപിഐയിലെത്തിയ മുൻ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവിനാലിനാണ് കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്ത് വെച്ച് വെട്ടേറ്റത്. മന്ത്രി വീണ ജോർജ്ജിന്റെ ഓഫീസിലേക്കുള്ള എസ്ഡിപിഐ പ്രതിഷേധത്തിന് പിന്നിൽ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനാണെന്ന് ഫേസ്ബുക്ക് പോസ്റ്റാണ് ആക്രണത്തിന് കാരണമായതെന്നും റോബിൻ ആരോപിച്ചിരുന്നു.
സിപിഎം വിട്ട് സിപിഐയിലെത്തിയ റോബിൻ വിളവിനാലിന് കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ടേൽക്കുന്നത്. റോബിന്റെ പരാതിയിൽ നഗരസഭ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈനെ ഉൾപ്പെടെ പ്രതിചേർത്ത് പത്തനംതിട്ട പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും ഒരുവിഭാഗം സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് റോബിന്റെ ആരോപണം.
നഗരസഭ ചെയർമാനെ കൂടാതെ കൗൺസിലർ ആർ. സാബു ഉൾപ്പെടെ കേസിൽ പ്രതികളാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റോബിൻ വിളവിനാൽ പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും പുറത്തുപോയ ശേഷവും ഒരുവിഭാഗം നേതാക്കളെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു. ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ്ജിന്റെ എംഎൽഎ ഓഫീസിലേക്കുള്ള എസ്ഡിപിഐ പ്രതിഷേധത്തിന് പിന്നിൽ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനെന്നായിരുന്നു ഏറ്റവും ഒടുവിലായ വന്ന പോസ്റ്റ്. ഇതിൽ പ്രതികോപിതരായി തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് റോബിന്റെ പരാതി.
എന്നാൽ ആക്രമണക്കേസുമായി ഒരു ബന്ധവുമില്ലെന്ന് സക്കീർ ഹുസൈൻ അടക്കം, കേസിൽ പ്രതികളായ സിപിഎം നേതാക്കൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമിച്ചത്. അവരെ പിടികൂടിയ ശേഷമേ കേസിൽ വ്യക്തതവരൂവെന്ന നിലപാടിലാണ് പൊലീസ്. മെയ് ഏഴിനാണ് റോബിന് നേരെ ആക്രമണം നടന്നത്. രാത്രി 9.30-ന് മുഖമൂടി ധരിച്ചെത്തിയ സംഘം വീടിന് സമീപം വെച്ചാണ് റോബിനെ ആക്രമിച്ചത്. അടിച്ചുതാഴെയിട്ടശേഷം വടിവാളിന് വെട്ടുകയായിരുന്നു.
വീഡിയോ സ്റ്റോറി കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]