
തിരുവനന്തപുരം: വർക്കലയിൽ പാളം മുറിച്ചു കടക്കവേ ബന്ധുക്കളായ രണ്ടു പേര് ട്രെയിൻ തട്ടി മരിച്ചു. വർക്കല സ്വദേശി കുമാരി , സഹോദരിയുടെ മകൾ അമ്മു എന്നിവർ മാവേലി എക്സ്പ്രെസ് തട്ടിയാണ് മരിച്ചത്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് അയന്തിയിൽ റെയിൽവേ പാളത്തിനു സമീപമുള്ള വലിയ മേലേതിൽ ക്ഷേത്രത്തിൽ പൊങ്കാലയിടുന്നതിനുള്ള ഒരുക്കങ്ങൾ എല്ലാം തയ്യാറാക്കിയ ശേഷം
വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കുമാരിയുടെ വളർത്തുമകളായ ബുദ്ധിമാന്ദ്യം സംഭവിച്ച അമ്മു എന്ന കുട്ടി റെയിൽവേ പാളത്തിലേക്ക് കയറി നിൽക്കുകയായിരുന്നു. അതേ പാളത്തിലൂടെ ട്രെയിൻ വരുന്നത് കണ്ട് കുമാരി മകളെ രക്ഷിക്കുന്നതിനായി ഓടി പാളത്തിലേക്ക് കയറി. മകളെ പിടിക്കുന്നതിനിടയിൽ ട്രെയിൻ തട്ടി ഇരുവരും അപകടത്തിൽപ്പെട്ട് മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. രാത്രി 10 മണിയോടെ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്.
സമാനമായ സംഭവം ഇന്ന് പാലക്കാടും ഉണ്ടായി. പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി അച്ഛനും മകനുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും ഒരു വയസുള്ള മകനുമാണ് മരിച്ചത്. വൈകീട്ട് 4.30 യ്ക്ക് ലക്കിടി ഗേറ്റിനു സമീപം വെച്ചായിരുന്നു അപകടം. ചിനക്കത്തൂർ പൂരം കാണാനെത്തിയതാണ് 24 വയസുള്ള പ്രഭുവും മകനും. പൂരത്തിൻ്റെ ഭാഗമായുള്ള കാള വരവ് നടക്കുകയായിരുന്നു. ഇതിൻ്റെ ആരവങ്ങൾക്കിടയിൽ ട്രയിൻ വരുന്ന ശബ്ദം പ്രഭു കേട്ടില്ല. പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. ട്രയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. ആളുകൾ ഓടിക്കൂടി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]