
ഭോപ്പാൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാമ്പ്യൻസ് ട്രോഫി വിജയാഘോഷം അതിരുവിട്ടതിന് തുടർന്ന് കടുത്ത നടപടിയുമായി പൊലീസ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ആഘോഷം അക്രമാസക്തമാവുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് രണ്ട് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. പൊലീസ് പിടികൂടിയവരുടെ തല മൊട്ടയടിച്ച് തെരുവുകളിലൂടെ നടത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തലമൊട്ടയടിച്ച് റോഡിലൂടെ യുവാക്കളെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്നു.
വിവാദം ഉയർന്നതിനെ തുടർന്ന് ബിജെപി എംഎൽഎ ഗായത്രി രാജെ പുവാർ ചൊവ്വാഴ്ച ദേവാസ് പോലീസ് സൂപ്രണ്ട് (എസ്പി) പുനിത് ഗെഹ്ലോട്ടിനെ കണ്ടു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ ഈ യുവാക്കളും ഇന്ത്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു. അവർ കുറ്റവാളികളല്ല, അവരെ പരസ്യമായി പരേഡ് ചെയ്യുന്നത് തികച്ചും നീതീകരിക്കാനാവാത്തതാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്പി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
ഞായറാഴ്ച രാത്രിയിലെ ആഘോഷങ്ങളെക്കുറിച്ചും തിങ്കളാഴ്ചത്തെ സംഭവങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി എസ്പി പറഞ്ഞു. കസ്റ്റഡിയിലായവർ യഥാർത്ഥത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കും. സമയബന്ധിതമായ അന്വേഷണം നടത്താൻ അഡീഷണൽ എസ്പി ജയ്വീർ സിംഗ് ഭഡോറിയയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്ക് ഉചിതമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദുബായിൽ ഇന്ത്യയുടെ വിജയത്തിനുശേഷം ദേവാസിൽ നടന്ന വലിയ തോതിലുള്ള ആഘോഷങ്ങളാണ് വിവാദത്തിന് കാരണമായത്.
സയാജി ഗേറ്റിന് സമീപം അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് ചില യുവാക്കൾ തടയാൻ സ്റ്റേഷൻ ഇൻ ചാർജ് അജയ് സിംഗ് ഗുർജാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഒരു കൂട്ടം യുവാക്കൾ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതും അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലർ പൊലീസ് വാഹനത്തെ പിന്തുടരുകയും കല്ലെറിയുകയും ചെയ്യുന്നതും കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, സംഭവവുമായി ബന്ധപ്പെട്ട് 10 യുവാക്കൾക്കെതിരെ പൊലീസ് കുറ്റം ചുമത്തി. പിറ്റേന്ന് വൈകുന്നേരം, അവരിൽ ചിലരെ തലമൊട്ടയടിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് സയാജി ഗേറ്റുവരെ നടത്തിച്ചു. മറ്റൊരു സംഭവത്തിൽ, ആഘോഷങ്ങൾക്കിടയിൽ തെരുവ് ഭക്ഷണ വിൽപ്പനക്കാരനെ പൊലീസ് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ കോൺസ്റ്റബിളിനെതിരെ നടപടിയെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]