

മൊയിലോം ശിവക്ഷേത്രത്തിലെ അരയാല്‍ മാറ്റി സ്ഥാപിക്കും; ആരോഗ്യരക്ഷയ്ക്ക് വൃക്ഷായുര്‍വേദ ചികിത്സ ; നേതൃത്വം നൽകുന്നത് കോട്ടയം സ്വദേശിയും അദ്ധ്യാപകനുമായ കെ.ബിനു
സ്വന്തം ലേഖകൻ
പാനൂർ: പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടത്തുവാനും ഗോപുരം നിർമ്മിക്കുവാനും വേണ്ടി വർഷങ്ങള്‍ പഴക്കമുള്ള അരയാല്‍ വൃക്ഷത്തെ ബലികൊടുക്കില്ല.
പകരം കൂറ്റൻ അരയാല്‍മരം വേരോടെ പിഴുതെടുത്ത് മാറ്റി സ്ഥാപിക്കും. ഈമാസം നടക്കുന്ന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ശേഷം അരയാല്‍ മരം മാറ്റി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങള്‍ ആരംഭിക്കും. കോട്ടയം സ്വദേശിയും അദ്ധ്യാപകനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തെ മാറ്റിസ്ഥാപിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോട്ടയം സ്വദേശിയായ കെ.ബിനു തന്റെ ഗുരുവായ ഡോ.സീതാരാമനില്‍ നിന്നാണ് വൃക്ഷ ചികിത്സ പഠിച്ചത്. വൃക്ഷായുർവേദ പ്രകാരമുള്ള ചികിത്സ കൂട്ടുകളാണ് വൃക്ഷത്തിന് നല്‍കുക. ബിനുവിന്റെ കൂടെ നാല് സഹായികളും ഉണ്ടാകും. വൃക്ഷം കൂമ്ബ്ചീയ്യല്, വേരുചീയല്‍, ഇടിവെട്ടേറ്റത്, മരം പൊള്ളിയത് എന്നിവയ്ക്കൊക്കെ ബിനു ചികിത്സ നല്‍കാറുണ്ട്. ബിനുവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 188 മരങ്ങള്‍ മാറ്റി കുഴിച്ചിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ 4 ദിവസത്തെ കർമ്മങ്ങള്‍
ഒന്നാംദിവസം: വൃക്ഷത്തിന്റെ അനുമതി വാങ്ങിയതിന് ശേഷം തടിമരം കേടുവരാതെ ശിഖരങ്ങള്‍ വെട്ടി ഇറക്കും. വൃക്ഷ ചുവടിന്റെ ഇരട്ടി വലുപ്പത്തില്‍ പുതിയ കുഴിയെടുക്കും. കുഴിയില്‍ ഫംഗസ് ബാധ ഇല്ലാതിരിക്കാൻ കർപ്പൂരം, ചകിരി എന്നിവ ഉപയോഗിച്ച് കുഴിമൂടും.
രണ്ടാം ദിവസം: പുതിയ കുഴിയിലെ ചാരം നീക്കം ചെയ്യും. പുതിയ കുഴിയിലെ മണ്ണ് അരിച്ചതിനുശേഷം വളം ചേർക്കും. തേങ്ങാ പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചേർത്തുവയ്ക്കും.
മൂന്നാം ദിവസം: ജെസിബി ഉപയോഗിച്ച് വൃക്ഷത്തിന്റെ ചുവട് ഇളക്കും. ക്രെയിൻ ഉപയോഗിച്ച് വൃക്ഷത്തെനീക്കും. വൃക്ഷത്തിന്റെ തടി ഭാഗത്ത് ചണം പൊതിയും. നേരത്തെ തയ്യാറാക്കിയ മിശ്രിതം കുഴിയിലേക്ക് ഇട്ട് കുഴി നനക്കും. നനക്കാൻ 100 ലിറ്റർ വെള്ളം ഉപയോഗിക്കും. ഇതിനായി ശർക്കര, എള്ള്, പാല്, പച്ചവെള്ളം എന്നിവ ഉപയോഗിക്കും. ക്രെയിൻ ഉപയോഗിച്ച് തടി മരത്തെ പുതിയ കുഴിയിലേക്ക് ഇറക്കി വയ്ക്കും.
നാലാം ദിവസം: 14 ഇനം മരുന്നു കൂട്ടുകള്‍ ഉപയോഗിച്ച് തടി മരത്തില്‍ തേച്ചുപിടിപ്പിക്കും. ആറുമാസത്തിനുള്ളില്‍ പുതിയ മുളകള്‍ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]