
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. മധ്യനിര ബാറ്ററായ കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ രാഹുല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. പരിശീലനത്തിനിടെ മനോഹരമായ ഡ്രൈവുകള്‍ കളിച്ച രാഹുല്‍ പരിക്കിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് ബാറ്റ് ചെയ്യുന്നത്.
രാഹുലിനെയും ജഡേജയെയും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ ഇവര്‍ക്ക് കളിക്കാനാവു എന്ന് ടീം സെലക്ഷന് സമയത്ത് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി തിളങ്ങിയ രാഹുലിന് പരിക്കു മൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല.
അതേസമയം, ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ചിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാവും. മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ ലീച്ചിന് കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. ജാക് ലീച്ചിന് പകരക്കാരനായി ആരെയും ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ടോം ഹാര്‍ട്ലി, റെഹാന് അഹമ്മദ്. ഷൊയ്ബ് ബഷീര്‍ എന്നിവരടങ്ങിയ ഇംഗ്ലണ്ട് സ്പിന്‍ നിരയിലെ ഏറ്റവും പരിചയ സമ്പന്നനായ ബൗളറായിരുന്നു ലീച്ച്.
പാര്‍ട് ടൈം സ്പിന്നറായി ജോ റൂട്ടും പന്തെറിയുമെന്നതിനാല്‍ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കായി ആരെയും പുതുതായി ടീമിലെടുക്കേണ്ടെന്നാണ് ഇംഗ്ലണ്ടിന്റെ തീരുമാനം. രണ്ടാം ടെസ്റ്റിനുഷേം 10 ദിവസത്തെ ഇടവേളയുള്ളതിനാല്‍ അബുദാബിയില്‍ ഹൃസ്വ സന്ദര്‍ശനത്തിന് പോയ ഇംഗ്ലണ്ട് ടീം നാളെ ഇന്ത്യയില്‍ തിരിച്ചെത്തും. ഫെബ്രുവരി 15 മുതല്‍ രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരു ടീമുകളും ഓരോ ജയവുമായി പരമ്പരയില്‍ തുല്യത പാലിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]