ലക്നൗ: ആഹാരം അടുപ്പത്തുവച്ചതിനുശേഷം കിടന്നുറങ്ങിയ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കടല വേവിക്കാനായി വച്ചതിനുശേഷം സ്റ്റൗ അണയ്ക്കാതെ ഇരുവരും ഉറങ്ങുകയായിരുന്നു. നോയിഡയിലെ ബസായി ഗ്രാമത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഉപേന്ദ്ര (22), ശിവം (23) എന്നിവരാണ് മരിച്ചത്.
ചോലെ ബട്ടുരെ (പൂരിയും കടലക്കറിയും) സ്റ്റാൾ നടത്തിവരികയായിരുന്നു ഇരുവരും. പിറ്റേന്നത്തേയ്ക്കായി തലേന്നുതന്നെ ആഹാരം തയ്യാറാക്കി വയ്ക്കുകയായിരുന്നു പതിവ്. സംഭവദിവസം രാത്രി കടല വേവിക്കാനായി സ്റ്റൗവിൽ വച്ചിരുന്നു. ഇത് ഓർമ്മിക്കാതെ ഇരുവരും ഉറങ്ങാൻ കിടക്കുകയും ചെയ്തു. വീട്ടിൽ നിന്ന പുക ഉയരുന്നതുകണ്ട അയൽക്കാർ വാതിൽ തകർത്ത് അകത്തുകടന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറെ നേരം സ്റ്റൗവിലിരുന്ന കടല കരിഞ്ഞുപോവുകയും അതിൽ നിന്ന് പുക ഉയരുകയുമായിരുന്നുവെന്ന് നോയിഡ സെൻട്രൽ സോൺ അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് രാജീവ് ഗുപ്ത അറിയിച്ചു. വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ പുക ഉള്ളിൽ തന്നെ നിറഞ്ഞു. കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകം ശ്വസിച്ചാണ് യുവാക്കൾ മരിച്ചത്. ഇരുവരും ശരീരത്തിൽ മുറിവേറ്റതിന്റെ പാടുകളൊന്നും ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചതായും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗന്ധമില്ലാത്ത ഒരു വിഷവാതകമാണ് കാർബൺ മോണോക്സൈഡ്. വാഹനങ്ങളിലും, സ്റ്റൗവിലും, ഓവനിലും, ഗ്രില്ലുകളിലും, ജനറേറ്ററുകളിവും മറ്റും ഇന്ധനം കത്തിക്കുമ്പോൾ ഇത് പുറത്തുവരുന്നു. അടഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ഇത് അടിഞ്ഞുകൂടാമെന്നും പൊലീസ് വ്യക്തമാക്കി.