ബജാജ് ഓട്ടോയുടെ ഇലക്ട്രിക് സ്കൂട്ടറായ ചേതക്ക് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഈ ഇലക്ട്രിക് സ്കൂട്ടർ സംബന്ധിച്ച് കമ്പനിയുടെ സിഇഒ രാജീവ് ബജാജിന്റെ ഒരു പ്രസ്താവനയും രണ്ടാമത്തേത് ഒരു ചേതക്ക് സ്കൂട്ടറിന് തീപിടിച്ച വാർത്തയുമാണ്. ചേതക് ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക ഉയരുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കമ്പനിയുടെ പ്രസ്താവന വന്നിരിക്കുന്നു. തീ ഇല്ല വെറും പുക മാത്രമാണ് വന്നതെന്നായിരുന്നു ബജാജിന്റെ പ്രസ്താവന.
ബജാജ് ചേതക്ക് സ്കൂട്ടറിൽ നിന്നും പുക ഉയരുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഔറംഗാബാദിലെ സംഭാജി നഗറിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. ഒരു ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ റോഡരികിൽ കിടക്കുന്നതും സ്കൂട്ടറിൽ നിന്ന് കനത്ത പുക ഉയരുന്നതും ഈ വീഡിയോയിൽ കാണാം. കുറച്ച് സമയത്തിന് ശേഷം വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി സ്കൂട്ടറിലെ തീ അണച്ചു.
ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ബജാജ് സിഇഒ രാജീവ് ബജാജ് ചേതക്കിനെ ഷോലെ എന്ന് വിശേഷിപ്പിച്ചത്. ‘ചേതക് ഇലക്ട്രിക് സ്കൂട്ടർ മൂന്നാം സ്ഥാനത്തല്ല, ഇപ്പോൾ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായി മാറിയിരിക്കുന്നു’ എന്നായിരുന്നു അടുത്തിടെ ഒരു ചാനലിൻ്റെ പരിപാടിയിൽ സംസാരിക്കവെ രാജീവ് ബജാജ് പറഞ്ഞത്. ചേതക്കിന്റെ ഏറ്റവും അടുത്ത എതിരാളിയായ ഓലയെയും ചേതക്കിനെയും അദ്ദേഹം താരതമ്യവും ചെയ്തിരുന്നു, “ഓല ഓലയാണ്.. ചേതക് ആണ് ഷോല” ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പിന്നാലെയാണ് ഔറംഗബാദിൽ ചേതക് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ ചേതക് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച സംഭവത്തെക്കുറിച്ച് ബജാജ് ഓട്ടോ പ്രതികരിച്ചു. തീ അല്ല വെറും പുക മാത്രമാണ് ചേതക്കിൽ നിന്നും ഉയർന്നതെന്നാണ് കമ്പനി പറയുന്നത്. “പുകയുടെ ഉറവിടം സ്കൂട്ടറിന്റെ ബാറ്ററിയോ മോട്ടോറോ അല്ല, പ്ലാസ്റ്റിക് ഘടകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയില്ല. ബാറ്ററി പാക്കിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഉയർന്ന നിലവാരമുള്ളതാണെന്നും അത്തരം സംഭവങ്ങൾക്കിടയിലും വാഹനം പൂർണ്ണമായും സുരക്ഷിതമായി സൂക്ഷിക്കാൻ പ്രാപ്തമാണ്” ബജാജ് ഓട്ടോ പറയുന്നു.
ഒരു നിർമ്മാതാവ് എന്ന നിലയിൽ, ബജാജ് ഓട്ടോ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. ഈ സംഭവത്തിൻ്റെ മൂലകാരണം നിർണ്ണയിക്കാൻ തങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും സാധ്യമായ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും പൂർണ്ണമായും തയ്യാറാണെന്നും കമ്പന പറയുന്നു. സംഭവത്തിൻ്റെ കാരണം കമ്പനി വിശദമായി അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 300,000 യൂണിറ്റുകൾ വിറ്റഴിച്ച ചേതക് ഇലക്ട്രിക് സ്കൂട്ടർ ഉൾപ്പെടുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളം 3,800-ൽ അധികം സർവീസ് സെൻ്ററുകളും ഓൺ-റോഡ് സർവീസ് പോയിൻ്റുകളും ബജാജ് നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]