തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക് താഴെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല നിർമിച്ച പ്രധാന തുരങ്ക ശൃംഖലകൾ പൂർണമായും തകർത്തതായി വ്യാഴാഴ്ച രാത്രിയാണ് അതിർത്തി മേഖലയെ നടുക്കിയ വൻ സ്ഫോടന പരമ്പരകളിലൂടെ ഇസ്രയേൽ സൈനിക നീക്കം നടന്നത്. ഇറാനിയൻ ഫണ്ടിങ്ങോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹിസ്ബുല്ല നിർമിച്ചെടുത്ത അതീവ തന്ത്രപ്രധാനമായ ഭീകരവാദ അടിസ്ഥാന സൗകര്യമാണിതെന്നും, തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും താഴെയും ഇസ്രയേൽ സൈന്യം പൂർണമായ നിയന്ത്രണം കൈവരിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ലബനനിലെ നബാത്തിയ മേഖലയിലുള്ള മലനിരകളിൽ ഇസ്രയേൽ നടത്തിയ വൻ സ്ഫോടനം പ്രദേശത്താകെ ശക്തമായ പ്രകമ്പനത്തിനും ഭൂമിക്കടിയിൽ നിന്നുള്ള വൻ ശബ്ദത്തിനും കാരണമായതായി ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്നതായിരുന്നു വൻ തുരങ്ക സമുച്ചയമെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി.
ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകൾ, മിസൈലുകൾ, യുഎവി (ഡ്രോണുകൾ), മെഷീൻ ഗണ്ണുകൾ, ഡസൻകണക്കിനു ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിനു ലാൻഡ് മൈനുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയും സൈന്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഹിസ്ബുല്ലയുടെ പ്രമുഖ സൈനിക വിഭാഗമായ ബദ്ർ യൂണിറ്റിന്റെ പ്രധാന കമാൻഡ് സെന്ററും ഈ ഭൂഗർഭ താവളത്തിലാണ് പ്രവർത്തിച്ചിരുന്നത്.
പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ഹിസ്ബുല്ല പോരാളികളിൽ ചിലർ താവളം ഉപേക്ഷിച്ചു ഓടിപ്പോയെന്നും മറ്റുള്ളവരെ വ്യോമാക്രമണത്തിലൂടെയും പീരങ്കി ആക്രമണത്തിലൂടെയും വധിച്ചതായും സൈനിക വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

