കോഴിക്കോട് ∙
ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (47) ആണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ഇന്നലെ രാത്രിയോടെയാണ് ഷാജിയുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഇന്ന് രാവിലെ ചേലമ്പ്രയിലെ വീട്ടിൽ എത്തിച്ചു.
കരൾ സംബന്ധമായ രോഗം കൂടിയുണ്ടായിരുന്ന ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇന്നലെ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്ക രോഗബാധ സ്ഥിരീകരിച്ചതോടെ നിലവിൽ സമീപജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ 10 പേരാണ് കോഴിക്കോട്ട് ചികിത്സയിലുള്ളത്.
മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരി, രാമനാട്ടുകര സ്വദേശിയായ യുവതി എന്നിവർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. ഇതിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വയനാട് സ്വദേശിയുടെ നില ഗുരുതരമാണ്.
ഓഗസ്റ്റ് 16ന് താമരശ്ശേരി സ്വദേശിയായ ഒൻപതുവയസ്സുകാരി അനയയുടെ മരണമാണ് അടുത്തിടെ ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായത്.
മൂന്നു മാസം പ്രായമായ കുട്ടിയുടേതു മുതൽ ഷാജിയുടെ മരണം വരെ ഒരു മാസത്തിനിടെ ആറു പേരാണു മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രോഗബാധയെത്തുടർന്ന് മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ശോഭന (56) മരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45), തൊട്ടുമുൻപുള്ള ആഴ്ചകളിൽ കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല (52) എന്നിവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു.
രോഗത്തിന്റെ ഉറവിടം കൃത്യമായി സ്ഥിരീകരിക്കാനാകാത്തതാണ് പ്രതിരോധനടപടികൾ ഊർജിതപ്പെടുത്തുന്നതിൽ ആരോഗ്യപ്രവർത്തകരെ വലയ്ക്കുന്നത്. മറ്റു രോഗങ്ങൾ കൂടിയുളളവർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിൽ പ്രതിരോധ–ബോധവത്കരണ നടപടികൾ ആരോഗ്യവകുപ്പ് ഏകോപിപ്പിക്കുന്നത്.
…