മുംബൈ ∙ കൊളാബ
മേഖലയിൽ വച്ച് ജൂനിയർ നാവികനിൽനിന്നു തോക്കും 40 തിരകളും തട്ടിയെടുത്ത കേസിൽ സീനിയർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ അഗ്നിവീറിനെയും സഹോദരനെയും തെലങ്കാനയിൽനിന്നു മുംബൈ പൊലീസ് പിടികൂടി. നാവികസേനയിൽ അഗ്നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരൻ ഉമേഷ് ദുബ്ബുള (25) എന്നിവരാണു തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പിടിയിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് ദുബ്ബുള ന്യൂ നേവി നഗറിലെ സേനാ ക്വാർട്ടേഴ്സിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ നാവികനിൽനിന്നു തോക്കും തിരകളും സ്വന്തമാക്കുകയായിരുന്നു. ജൂനിയർ നാവികന്റെ ഡ്യൂട്ടി സമയം അവസാനിക്കുന്ന നേരത്ത് എത്തിയ രാകേഷ് താൻ സുരക്ഷാ ഡ്യൂട്ടി ഏറ്റെടുക്കുകയാണെന്ന് അറിയിച്ചാണു തോക്ക് വാങ്ങിയത്.
കുറച്ചുനേരത്തിനു ശേഷം തോക്കും തിരകളും ബാഗിലാക്കിയ രാകേഷ് സമീപത്തെ മതിലിനടുത്തെത്തി ബാഗ് പുറത്തേക്കെറിഞ്ഞു. നേരത്തേ പറഞ്ഞു വച്ചിരുന്നതനുസരിച്ച് അവിടെ കാത്തുനിന്നിരുന്ന സഹോദരൻ ഉമേഷ് അതു കൈവശപ്പെടുത്തി.
തുടർന്ന് നാവികസേനാ മേഖലയിൽനിന്നു കടന്നുകളഞ്ഞ ഇരുവരും കുർള എൽടിടി സ്റ്റേഷനിൽനിന്നു തെലങ്കാനയിലേക്കു ട്രെയിൻ കയറി.
രാകേഷ് നേരത്തേ അവധിക്ക് അപേക്ഷിച്ചിരുന്നു. കൂടാതെ, സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോൾ, തോക്ക് മോഷ്ടിച്ച വ്യക്തിക്ക് രാകേഷുമായി സാമ്യമുള്ളതായും കണ്ടെത്തിയിരുന്നു.
ഇരുവരും എന്തിനാണ് ഇത്തരത്തിൽ തോക്കും തിരകളും മോഷ്ടിച്ചത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും മുംബൈയിലെ ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യും.
12–ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള രാകേഷ് അഗ്നിവീറായി പ്രവർത്തിക്കുന്നതിനാൽ കൊളാബയിലെ നാവിക മേഖലയെക്കുറിച്ചു വിശദമായി അറിയാം.
പത്താം ക്ലാസ് വിജയിക്കാത്തയാളാണു സഹോദരൻ ഉമേഷ്. അതീവ സുരക്ഷാമേഖലയിൽ നടന്ന സംഭവത്തെക്കുറിച്ച് നാവികസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]