
കോഴിക്കോട്: സൂപ്പർ ലീഗിൽ തിരുവനന്തപുരം കൊമ്പൻ എഫ്സിയെ സമനിലയില്‍ തളച്ച് കാലിക്കറ്റ് എഫ് സി. കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഹോം ഗ്രൗണ്ടില്‍ ആയിരക്കണക്കിന് ആരാധകരുടെ പിന്‍ബലത്തിൽ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ചത് കാലിക്കറ്റ് എഫ് സിയായിരുന്നു.
എന്നാല്‍ ഇടക്കിടെ കൗണ്ടര്‍ അറ്റാക്കുകളുമായി തിരുവനന്തപുരം കൊമ്പൻസ് എഫ് സി കാലിക്കറ്റ് ഗോൾമുഖത്ത് ഭീതി പടർത്തി. ഒടുവില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്ന കാലിക്കറ്റ് എഫ്സിയെ ഞെട്ടിച്ച് മലയാളി താരം മുഹമ്മദ് അഷർ 21-ാം മിനിറ്റില്‍ കൊമ്പൻസ് എഫ്സിക്കായി ഗോള്‍ നേടി.
എന്നാല്‍ ലീഡ് നേടിയതിന്റെ സന്തോഷം അധികനേരം തുടരാന്‍ കൊമ്പന്സിനായില്ല. 10 മിനിറ്റുകൾക്കപ്പുറം റിച്ചാർഡ് ഓസേയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെ കാലികറ്റ് സമനില പിടിച്ചു. രണ്ടാം പകുതിയിലും വീണ്ടും ലീഡെടുക്കാന്‍ തിരുവനന്തപുരം കൊമ്പൻസ് കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ കാലിക്കറ്റ് എഫ് സിയുടെ പ്രതിരോധകോട്ട പൊളിക്കാന്‍ കൊമ്പന്മാര്ക്കായില്ല.
അവസാന 15 മിനിറ്റുകളില്‍ ഇരു ടീമുകളും ത്രസിപ്പിക്കുന്ന നീക്കങ്ങളുമായി ഗോൾമുഖം ആക്രമിച്ചെങ്കിലും ഇരു ക്ലബ്ബുകൾക്കും തങ്ങളുടെ ആദ്യ സൂപ്പർ ലീഗ് പോരാട്ടത്തില്‍ ജയിച്ചു കയറാനായില്ല. സൂപ്പർ ലീഗ് കേരളയിലെ ആദ്യ സമനില പോരാട്ടമാണ് ഇന്ന് നടന്ന കാലിക്കറ്റ് എഫ് സി-തിരുവനന്തപുരം കൊമ്പൻ എഫ് സി മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]