കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുപ്പിലി രാജ (തമിഴ്നാട് സ്വദേശി), അപർണ (വാഗമൺ സ്വദേശി), അനീന തസ്നി (കൊല്ലം പരവൂർ സ്വദേശി) എന്നിവരുടെ അറസ്റ്റാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
പാലാ, കോട്ടയം ജയിലുകളിൽ നേരിട്ടെത്തിയാണ് ചക്കരക്കൽ പോലീസ് പ്രതികളുടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് കോടതിയിൽ സമർപ്പിക്കും.
കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയായ യുവതിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവമാണ് നവജാതശിശു വിൽപ്പന റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെത്തുടർന്നാണ് അസം സ്വദേശിനിയായ യുവതി കോട്ടയം തീക്കോയിയിലെ കേന്ദ്രത്തിൽ എത്തിച്ചേർന്നത്.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് യുവതി ഈ കേന്ദ്രത്തെക്കുറിച്ച് മനസ്സിലാക്കിയത്. പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താൻ ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രതികൾ യുവതിക്ക് ട്രെയിൻ ടിക്കറ്റും പണവും അയച്ചുനൽകിയാണ് തീക്കോയിയിൽ എത്തിച്ചത്.
എന്നാൽ ഇവിടെയെത്തിയ യുവതിയെ സംഘം തടവിലടക്കുകയും, പ്രസവിക്കുന്ന കുഞ്ഞിനെ കൈമാറിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവിടെനിന്നും രക്ഷപ്പെടാൻ കഴിഞ്ഞ യുവതി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പോലീസ് പ്രതികളെ പിടികൂടിയത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ കുട്ടികളെ കച്ചവടം ചെയ്യുന്ന ഒരു വലിയ മാഫിയ സംഘമാണെന്ന് വ്യക്തമായത്. പ്രതികൾ ഇതിനുമുമ്പും രണ്ട് കുഞ്ഞുങ്ങളെ വിൽപന നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
തൊടുപുഴയിലും കണ്ണൂർ ചക്കരക്കല്ലിലുമാണ് മുൻപ് കുട്ടികളെ വിറ്റഴിച്ചത്. കണ്ണൂരിൽ വാരം സ്വദേശികൾക്കാണ് കുഞ്ഞിനെ കൈമാറിയത്.
ഈ സംഭവങ്ങളിലാണ് തൊടുപുഴ പോലീസും കണ്ണൂർ ചക്കരക്കൽ പോലീസും കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

