
സ്വാതന്ത്ര്യം ലഭിച്ച് 71 വർഷത്തോളം, അതായത് 2018 വരെ ദേശീയ പതാക ഉയർത്താന്‍ മടിച്ചൊരു ഗ്രാമം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയായി തോന്നാം. എന്നാല്‍, ഹരിയാനയിലെ റോഹനാഥ് എന്ന ഗ്രാമത്തില്‍, 2018 മാർച്ച് 23 -ന് അന്നത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗ്രാമത്തിലെത്തി ദേശീയ പതാക ഉയർത്തുന്നത് വരെ ആ ഗ്രാമം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഗ്രാമവാസികൾ അതിന് തയ്യാറാകാതിരുന്നതിന് പിന്നിൽ, ബ്രിട്ടീഷുകാരുടെ അതിനീചമായ ഭൂമി തട്ടിയെടുക്കലിന്റെയും കൂട്ട കൊലപാതകത്തിന്റെയും നടുക്കുന്ന ഓർമ്മകളുണ്ടായിരുന്നു.
1887 -ലായിരുന്നു ആ സംഭവം നടന്നത്. റോഹനാഥ് എന്ന ഗ്രാമത്തിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ലേലം ചെയ്യാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിച്ചു.
എന്നാല്‍, നൂറ്റാണ്ടുകളായി അവിടെ കൃഷി ചെയ്ത കർഷകരെ അവര്‍ പരിഗണിച്ചില്ല. മറിച്ച് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി, കര്‍ഷകരെ പുറത്താക്കി ബ്രിട്ടീഷുകാര്‍ ഏറ്റെടുക്കുകയും ലേലം ചെയ്യുകയും ചെയ്തു.
റോഹനാഥ് ഗ്രാമത്തിലെ 20,856 ബിഗാ കൃഷിഭൂമി ലേലം ചെയ്യപ്പെട്ടു. അയൽ പ്രദേശങ്ങളിൽ നിന്നുള്ളവർ 8,000 രൂപയ്ക്ക് ആ ഭൂമി വാങ്ങി.
ജനിച്ച് വളര്‍ന്ന മണ്ണ് ഒരൊറ്റ പകല്‍ കൊണ്ട് അന്യമാകുന്നത് കണ്ട് നില്ക്കാന് റോഹനാഥിലെ ഗ്രാമവാസികൾക്ക് കഴിഞ്ഞില്ല. അതിലും വലുതല്ല മരണം എന്നായിരുന്നു അവരുടെ തീരുമാനം.
പിന്നെ താമസിച്ചില്ല. ബ്രിട്ടീഷ് ഭരണത്തിനെതിരെ അവര്‍ കലാപത്തിനിറങ്ങി.
എന്നാല്‍, മാപ്പ് പറഞ്ഞാല്‍ വിട്ടയക്കാമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ മറുപടി. പക്ഷേ.
വൈദേശികാധിപത്യത്തിനെതിരെ പോരാടാന്‍ അവര്‍ തീരുമാനിച്ചു. കൃഷി ഭൂമി തട്ടിയെടുത്ത ഡെപ്യൂട്ടി കമ്മീഷണർ ബദർ ബേണ്‍ കൊല്ലപ്പെട്ടു.
ബ്രിട്ടീഷ് തഹസിൽദാറെ ഇന്ത്യക്കാരനായ സ്വന്തം പ്യൂൺ തന്നെയായിരുന്നു കൊലപ്പെടുത്തിയത്. 1857 മെയ് 29 ന് ജനങ്ങൾ അങ്ങനെ കലാപത്തിനിറങ്ങി.
റോഹനാഥ് ഗ്രാമവാസികൾ ഹിസാർ ജയിലിൽ അതിക്രമിച്ചു. രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അവിടെ തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു.
ജയിൽ കലാപത്തിൽ 11 ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതോടെ കലാപം ഹരിയാനയിലെമ്പാടും വ്യാപിച്ചു.
റോഹനാഥിലെ ഗ്രാമത്തോടൊപ്പം, മംഗളി, ഹജാംപൂർ, ഒഡ്ഡ, ഛത്രിയ ഗ്രാമങ്ങളിലെയും ജനങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ സായുധ കാലാപത്തിനിറങ്ങി. ബ്രിട്ടീഷുകാർ തുടരെ തുടരെ മരിച്ച് വീണപ്പോൾ തിരിച്ചടിക്കാന്‍ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു.
അതും ക്രൂരമായി തന്നെ. The masonry Well and the old Banyan tree that are witness to loss of several lives when mutineers in 1857 were hanged on the branches of the tree and women with children plunged to save honor at village Rohnat, Hansi, dist.
Hisar. It is 161st anniversary of the event.
pic.twitter.com/NheC7LwYlT — Ranbir Singh (@phaugatrs1441) June 4, 2018 പിന്നാലെ ഗ്രാമ കവാടങ്ങളിലേക്ക് എത്തിയത് പീരങ്കികളായിരുന്നു. ഗ്രാമത്തിലെ ചില പ്രമുഖരെ പിടികൂടിയ ബ്രിട്ടീഷുകാര്‍ അവരെ പീരങ്കികൾക്ക് മുന്നില്‍ കെട്ടിവച്ച് ഗ്രാമത്തിലേക്ക് നിറയൊഴിച്ചു.
അതിലൊരാളായിരുന്നു ചൗധരി ബിർഹാദ് ദാസ് ബൈരാഗി. തങ്ങളുടെ സഹോദരങ്ങളുടെ മാംസവും രക്തവും ഗ്രാമത്തിലെമ്പാടും ചിതറി വീണപ്പോൾ, കൈയില്‍ കിട്ടിയ കരിങ്കലും മഴുവും മറ്റ് കാര്‍ഷികായുധങ്ങളുമായി അവര്‍ ബ്രിട്ടീഷ് സൈന്യത്തിന് നേരെ ഇരച്ചെത്തി.
പക്ഷേ, ഓരോ തവണ പീരങ്കികൾ ശബ്ദിച്ചപ്പോഴും ഗ്രാമം നാമാവശേഷമായിക്കൊണ്ടിരുന്നു. ഓടിപ്പോയ ഗ്രാമവാസികളെ പിന്നാലെ ചെന്ന് പിടികൂടി കൈയും കാലും കൂട്ടിക്കെട്ടി അവരെ ഹൻസിയിലെ ഒരു റോഡിലേക്ക് കൊണ്ടുപോയി.
അവിടെ കൈകാലുകൾ കൂട്ടിക്കെട്ടിയ ഗ്രാമീണരെ റോഡില്‍ കിടത്തി. അവരുടെ ശരീരത്തിലൂടെ ഒരു റോഡ് റോളർ കയറ്റി ഇറക്കി.
മനുഷ്യരുടെ ശരീരവും എല്ലും രക്തവും റോഡില്‍ ചേർന്ന് കിടന്നു. ഇന്നും ഈ റോഡ് ‘ലാൽ സഡക്’ (ചുവന്ന റോഡ് / രക്തപാത) എന്നാണ് അറിയപ്പെടുന്നത്.
ബ്രിട്ടീഷുകാരുടെ നരനായാട്ടില്‍ ഭയന്ന ഗ്രാമത്തിലെ സ്ത്രീകൾ ഗ്രാമ കിണറില്‍ ചാടി ആത്മാഹൂതി ചെയ്തു. ഈ കിണറില്‍ നിന്നും ആരും രക്ഷപ്പെടാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ ചളി നിറച്ച് അടച്ചു.
ഗ്രാമത്തില്‍ ബാക്കിയായവരെ ഗ്രാമത്തിലെ ആൽമരത്തില് തൂക്കിലേറ്റി. ബ്രിട്ടീഷുകാര്‍ ഗ്രാമത്തിന് ‘വിമതരുടെ ഗ്രാമം’ എന്ന പേര് നല്കി.
തങ്ങളുടെ ഗ്രാമത്തോട് ബ്രിട്ടീഷുകാര്‍ ചെയ്ത അനീതി മറക്കാന്‍ ഗ്രാമവാസികൾ തയ്യാറായില്ല. തങ്ങളുടെ മണ്ണ് തങ്ങൾക്ക് തന്നെ ലഭിക്കുന്നത് വരെ അത് സ്വാതന്ത്രം ലഭിച്ചതായി കരുതില്ലെന്ന് ഗ്രാമവാസികൾ പ്രതിജ്ഞയെടുത്തു.
1947 -ല്‍ രാജ്യം സ്വാതന്ത്ര്യമായപ്പോൾ അവര്‍ നഷ്ടപ്പെട്ട മണ്ണ് തങ്ങൾക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.
പക്ഷേ. അതിനകം ആ മണ്ണിന് പുതിയ ജമീന്ദാറുകൾ ഉടമകളായിത്തീര്‍ന്നിരുന്നു.
തട്ടിയെടുക്കപ്പെട്ട മണ്ണ് തിരിച്ച് കിട്ടാതെ ത്രിവർണ്ണ പതാക ഉയര്‍ത്തില്ലെന്ന് ഗ്രാമവാസികൾ പ്രതിജ്ഞയെടുത്തു.
പിന്നീടിങ്ങോട്ട് 71 വര്‍ഷത്തോളം അവരാ പ്രതിജ്ഞ കാത്തു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗ്രാമത്തിലെത്തി 2018 മാർച്ച് 23 -ന് ത്രിവർണ്ണ പതാക ഉയര്‍ത്തും വരെ.
അന്ന് മനോഹര്‍ ലാല്‍ ഖട്ടർ ഗ്രാമവാസികൾക്ക് ഭൂമി തിരികെ നല്‍കുമെന്ന് ഉറപ്പ് നല്കി. പിന്നാലെ ഗ്രാമ വെബ്സൈറ്റ്, ലൈബ്രറി, ജിംനേഷ്യം, ഗ്രാമ അഭിമാന ഫലകം എന്നിവ പലതും നിർമ്മിക്കപ്പെട്ടു.
പക്ഷേ. അന്ന് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം ഇന്നും നഷ്ടപ്പെട്ട് തന്നെ കിടക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]