
റിയാദ്: ഈ വർഷത്തെ ഹജ്ജിന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി. അവസാന സംഘം വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചു.
ഇതോടെ ഇന്ത്യയിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 122,422 പേരും സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയ 10,000 പേരും ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങി. 395 വിമാനങ്ങളിലായി 29 ദിവസമെടുത്താണ് ഹാജിമാരുടെ മടക്കം പൂർത്തിയാക്കിയത്.
ഹജ്ജ് അവസാനിച്ച് തൊട്ടടുത്ത ദിവസങ്ങളിൽ ജിദ്ദ വഴി മടക്കയാത്ര ആരംഭിച്ചിരുന്നു. ജൂൺ 28ന് ജിദ്ദ വഴിയുള്ള യാത്ര പൂർത്തിയായിരുന്നു.
ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വഴി മടങ്ങിയത്. മദീന വിമാനത്താവളം വഴി മടക്കയാത്ര നടത്തുന്ന സംഘങ്ങളാണ് ബാക്കിയുണ്ടായിരുന്നത്.
ജിദ്ദ വിമാനത്താവളം വഴി എത്തിയവരാണ് ഇവർ. ഹജ്ജിന് ശേഷം മദീന സന്ദർശനം പൂർത്തിയാക്കാനുള്ളതുകൊണ്ടായിരുന്നു ഇവരുടെ യാത്ര വൈകിയത്.
എട്ടു ദിവസമാണ് തീർഥാടകർ മദീനയിൽ സന്ദർശനം നടത്തിയത്. മലയാളി ഹാജിമാരും ഇത്തവണ ഹജ്ജിന് ശേഷമാണ് മദീന സന്ദർശനം നടത്തിയത്.
മലയാളി ഹാജിമാരുടെ മടക്കയാത്ര ജൂൺ 25 മുതലാണ് ആരംഭിച്ചത്. വ്യാഴാഴ്ച കണ്ണൂരിലേക്കാണ് കേരളത്തിലേക്കുള്ള അവസാന വിമാനം പോയത്.
166 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച അർദ്ധരാത്രിയോടെ പുറപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ 4.30ന് മറ്റൊരു വിമാനവും പോയി.
ഈ വർഷത്തെ അവസാന വിമാനം മടങ്ങിയത് വ്യാഴാഴ്ച പുലർച്ചെ 12.30നായിരുന്നു. 321 തീർഥാടകരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
ഇതോടെ മുഴുവൻ ഹാജിമാരും നാട്ടിലേക്ക് മടങ്ങി. 69 ഹാജിമാർ വിവിധ അസുഖങ്ങൾ മൂലം മക്കയിലും മദീനയിലുമായി മരിച്ചിരുന്നു.
ഇതിൽ 10 ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകളിൽ എത്തിയതാണ്. മലയാളി ഹാജിമാരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ എത്തിയ 13 പേരാണ് ഇത്തവണ മരിച്ചത്.
ഇവരുടെ ഖബറടക്കം മക്കയിലും മദീനയിലുമായി പൂർത്തിയാക്കിയിരുന്നു. 16,000 ത്തിലേറെ തീർഥാടകരാണ് ഇത്തവണ കേരളത്തിൽനിന്നും ഹജ്ജിന് എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]