
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്. ആകാശ് തില്ലങ്കേരി വയനാട്ടിൽ എന്തിനെത്തി എന്നത് അന്വേഷിക്കാൻ ഷൈജലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ തില്ലങ്കേരിയും കൂട്ടാളികളും നടത്തിയ യാത്രക്കെതിരെ 9 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിരുന്നത്. ഇതിന് പിന്നാലെ വാഹനം ഹാജരാക്കാൻ വയനാട് പൊലീസ് ഉടമയോട് ആവശ്യപ്പെട്ടു. ആകാശിനൊപ്പം യാത്ര ചെയ്തിരുന്ന ഷൈജലാണ് ഇന്നലെ രാത്രി വാഹനം കെട്ടിവലിച്ച് സ്റ്റേഷനില്‍ എത്തിച്ചത്. വാഹനം പനമരം സ്റ്റേഷനില്‍ എത്തിച്ചപ്പോൾ വലിയ ടയറുകള്‍ മാറ്റി സാധാരണ ടയറാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പറും വാഹനത്തില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജീപ്പിന്റെ റൂഫ് ഉള്‍പ്പെടെയുള്ളവ ഇപ്പോഴും രൂപമാറ്റം വരുത്തിയ നിലയിലാണ്.
ഷൈജലും ആകാശ് തില്ലങ്കേരിയും ഒന്നിച്ച് നടത്തിയ യാത്രയില്‍ എന്തെങ്കിലും ദുരുഹതയുണ്ടോയെന്ന് പൊലീസും അന്വേഷിക്കുന്നുണ്ട്. വാഹനം ഹാജരാക്കാനെത്തിയ ഷൈജലിനെ കസ്റ്റഡിയില്‍ എടുത്ത പനമരം പൊലീസ് ഇയാളെ ചോദ്യം ചെയ്തു. അതേസമയം, നിലവില്‍ എടുത്തിരിക്കുന്ന 9 കേസുകളും വാഹന ഉടമയായ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ മാത്രമാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ ഒരു കേസും പോലും മോട്ടോർ വാഹന വകുപ്പ് എടുത്തിട്ടില്ല. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. തുടർച്ചയായ നിയമലംഘനങ്ങളുടെ സാഹചര്യത്തില്‍ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ആർ സി റദ്ദാക്കാൻ വയനാട് മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.
Last Updated Jul 11, 2024, 1:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]