
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു
നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.
തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജൂലൈ മാസം രോഗബാധിതരുടെ കണക്കുകൾ കൂടുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്. ഈ മാസം കണക്കുകൾ കൈവിട്ട് ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പകർച്ചവ്യാധി തടയുന്നതിനായി ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Last Updated Jul 10, 2024, 7:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]